Advertisement

വെസ്റ്റ് നൈല്‍ വൈറസിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം മലപ്പുറത്തെത്തി

March 20, 2019
Google News 0 minutes Read

വെസ്റ്റ് നൈല്‍ വൈറസിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം മലപ്പുറത്തെത്തി. മരിച്ച ആറ് വയസുകാരന്റെ വീടുകളില്‍ പരിശോധന നടത്തിയ സംഘം ക്യൂലക്‌സ് കൊതുകുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം രണ്ട് ദിവസത്തിനകം ലഭിക്കും

കോട്ടയം ആസ്ഥാനമായുള്ള വെക്ടര്‍ കണ്‍ട്രോള്‍ റിസര്‍ച്ച് സെന്ററിലെ ശാസ്ത്രജ്ഞരാണ് മലപ്പുറത്തെത്തിയത്. വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ച ആറ് വയസുകാരന്‍ മുഹമ്മദ് ഷാന്റെ അമ്മ വീടായ വെന്നിയൂരിലാണ് സംഘം ആദ്യം എത്തിയത്. കുടുംബാംഗങ്ങളില്‍നിന്ന് വിവരം ശേഖരിച്ച സംഘം വീടിന്റെ സമീപ പ്രദേശങ്ങളില്‍നിന്ന് കൊതുകുകളെ പിടികൂടി. ക്യൂലക്‌സ് കൊതുകുകളുടെ വലിയതോതിലുള്ള സാന്നിധ്യം പരിശോധന സംഘം സ്ഥിരീകരിച്ചു. കൊതുകുകളില്‍ വൈറസ് ഉണ്ടോയെന്നറിയാന്‍ ശേഖരിച്ച സാമ്പിളുകള്‍ കോട്ടയത്തെ ലാബില്‍ പരിശോധന നടത്തും.

മുഹമ്മദ് ഷാന്റെ വീടായ വേങ്ങരയിലെ വീടും വിദഗ്ധര്‍ പരിശോധന നടത്തി. വൈകിട്ടോടെ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറുമായി സംഘം ചര്‍ച്ച നടത്തും. സംസ്ഥാന എന്‍ഡമോളജി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനകള്‍ക്കായി ഇന്ന് മലപ്പുറത്തെത്തുന്നുണ്ട്. പക്ഷികളില്‍നിന്ന് കൊതുകുകള്‍ വഴിയാണ് മനുഷ്യരില്‍ വെസ്റ്റ് നൈല്‍ വൈറസ് ബാധിക്കുന്നത്. വൈറസ് ഇതുവരെയും പടര്‍ന്നിട്ടില്ലെന്ന് തന്നെയാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ജാഗ്രത നിര്‍ദ്ദേശം നിലനില്‍ക്കുന്ന ജില്ലയില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here