തിരുവല്ലയില്‍ യുവാവ് തീകൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു

തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. പെണ്‍കുട്ടി പഠിച്ചിരുന്ന തിരുവല്ലയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സഹപാഠികളടക്കം നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

ഗുരുതരമായി പൊള്ളലേറ്റ് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. ഒന്നര മണിക്കൂറിലേറെ നീണ്ടു നിന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം രാവിലെ 10.45 ഓടു കൂടി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്ക് കൊണ്ട് പോയി.

Read more: യുവതിയെ തീ കൊളുത്തി കൊലപെടുത്തിയ സംഭവം; ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം പെണ്‍കുട്ടി പഠിച്ചിരുന്ന ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. സഹപാഠികളടക്കം നൂറുകണക്കിനാളുകള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വിലാപയാത്രയായി തിരുവല്ലയിലെ പൊതു ശ്മശാനത്തില്‍ എത്തിച്ച മൃതദേഹത്തില്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ്, വിവിധ രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് തിരുവല്ലയില്‍ യുവാവ് പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തി വയറ്റില്‍ കുത്തുകയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയും ചെയ്തത്. കേസിലെ പ്രതിയായ അജിന്‍ റെജി മാത്യു മാവേലിക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top