സര്‍ക്കാര്‍ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലടക്കം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാര്‍ത്ഥികള്‍ക്ക് അനുകൂലമായോ പ്രതികൂലമായോ പ്രചാരണം നടത്താന്‍ പാടില്ല. രാഷ്ട്രീയാഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നതിനും വിലക്കുണ്ട്.തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കണമെന്ന് അച്ചടിശാലകള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also; തെരഞ്ഞെടുപ്പില്‍ പണവും മദ്യവും വേണ്ട; നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍

രാഷ്ട്രീയ ചായ്‌വുള്ള പോസ്റ്റുകള്‍ ഫേസ്ബുക്കും, വാട്ട്‌സ് ആപ്പും വഴി പങ്കു വെയ്ക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനാണു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ ഓഫിസുകളിലും പരിസരങ്ങളിലും പോസ്റ്ററുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ പാടില്ല. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക്‌ ഔദ്യോഗിക വാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നും, നേതാക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പാടില്ലെന്നും കമ്മീഷന്റെ നിര്‍ദ്ദേശമുണ്ട്.

Read Also: സൈന്യവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിക്കരുത്; താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കണമെന്ന് അച്ചടിശാലകള്‍ക്കും കര്‍ശന നിര്‍ദേശമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലഘുലേഖകള്‍, പോസ്റ്ററുകള്‍, നോട്ടീസുകള്‍ തുടങ്ങിയവ അച്ചടിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ലഘുലേഖ, പോസ്റ്റര്‍, നോട്ടീസ് എന്നിവയില്‍ അച്ചടിക്കുന്ന വ്യക്തിയുടേയും പ്രസിദ്ധീകരിക്കുന്ന വ്യക്തിയുടേയും പേരും മേല്‍വിലാസവും നിര്‍ബന്ധമായി പതിച്ചിരിക്കണമെന്ന നിര്‍ദ്ദേശവും കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന അച്ചടിശാലകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top