Advertisement

തെരഞ്ഞെടുപ്പില്‍ പണവും മദ്യവും വേണ്ട; നിരീക്ഷിക്കാന്‍ പ്രത്യേക സംഘങ്ങള്‍

March 19, 2019
Google News 0 minutes Read

ലോക്‌സഭാ  തെരഞ്ഞെടുപ്പില്‍ പണവും മദ്യവുമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നത് തടയാന്‍ സംസ്ഥാനത്ത് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കും. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് സംയുക്ത പരിശോധനാ സംഘത്തെ രൂപീകരിക്കാന്‍ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.പോലീസ്, ആദായനികുതി, എക്‌സൈസ്, വനം, ജി.എസ്.ടി വകുപ്പ് ഉദ്യോഗസ്ഥരാണ് സംയുക്ത സംഘത്തില്‍ ഉണ്ടാവുക. തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് അനധികൃതമായി പണവും മദ്യവുമുള്‍പ്പെടെയുള്ള വസ്തുക്കളും ഉപയോഗിക്കുന്നുണ്ടോയെന്ന് സംഘം പരിശോധിക്കും.

വിദേശത്ത് നിന്ന് പണം എത്തുന്നത് പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളില്‍ കസ്റ്റംസ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. വിവിധ വകുപ്പുകളുടെ ചെക്ക്‌പോസ്റ്റുകളിലും പരിശോധന കര്‍ശനമാക്കും. രേഖയില്ലാതെ സൂക്ഷിക്കുന്ന പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണവും മറ്റു വസ്തുക്കളും ആദായനികുതി വകുപ്പ് പിടിച്ചെടുക്കും. ഇതിനായി ആദായനികുതി വകുപ്പിന്റെ ക്വിക് റെസ്‌പോണ്‍സ് ടീം എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും.

ആദായ നികുതി വകുപ്പിന്റെ കണ്‍ട്രോള്‍ റൂമില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാം. ജില്ലകളില്‍ ഫ്‌ളയിംഗ് സ്‌ക്വാഡും ജില്ലാ നിരീക്ഷണ സംഘങ്ങളുമായി സഹകരിച്ചാവും പ്രവര്‍ത്തിക്കുക. സഹകരണ ബാങ്കുകള്‍, സംഘങ്ങള്‍ എന്നിവ മുഖേനയുള്ള വലിയ തുകയുടെ ഇടപാടുകള്‍ നിരീക്ഷിക്കാന്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കി.  നടപടികളില്‍ നിഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here