സ്പെഷ്യല്‍ ഒളിമ്പിക്സ് സമാപിച്ചു. 362 മെഡലുകളുമായി ഇന്ത്യക്ക് ചരിത്രനേട്ടം

അബുദാബിയില്‍ എട്ട് ദിവസങ്ങളായി നടന്നു വന്ന സ്പെഷ്യല്‍ ഒളിമ്പിക്സ് വേള്‍ഡ് ഗെയിംസ് സമാപിച്ചു. 362 മെഡലുകളുമായി ചരിത്രനേട്ടമാണ് ഇത്തവണ ഇന്ത്യ സ്വന്തമാക്കിയത്. 190 രാജ്യങ്ങളില്‍ നിന്നായി 7500 അത്ലറ്റുകള് പങ്കെടുത്ത സ്പെഷ്യല്‍ ഒളിമ്പിക്സില്‍ ഏറ്റവുമധികം മെഡലെന്ന നേട്ടവും ഇന്ത്യയ്ക്കാണ്.
ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടി കാനഡ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ റഷ്യ രണ്ടാമതും ഇന്ത്യ മൂന്നാമതുമെത്തി. 24 ഇനങ്ങളിലായാണ് സ്പെഷ്യല്‍ ഒളിംപിക്സില്‍ മത്സരങ്ങള്‍ നടന്നത് . അബുദാബി കിരീടാവകാശിയും യു എ ഇ സായുധസേനാ ഡെപ്യുട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷകര്ത്തത്തിലാണ് സ്പെഷ്യല്‍ ഒളിംപിക്സ് നടന്നത്.
എല്ലാവരിലും കുറവുകള്‍ ഉണ്ടെന്നും എല്ലാവരും ചേര്‍ന്നതാണ് സ്നേഹത്തിന്റെ ലോകം എന്ന സന്ദേശമാണ് സ്പെഷ്യല്‍ ഒളിമ്പിക്സ് നല്‍കുന്നതെന്നും സമാപന സമ്മേളനത്തില്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് പറഞ്ഞു. അബുദാബിയിലെ സായിദ് സ്പോര്‍ട്സ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകള്‍ അരങ്ങേറിയത്.ചടങ്ങില്‍ സ്പെഷ്യല്‍ ഒളിമ്പിക്സ് ഇന്റര്‍ നാഷണല്‍ ചെയര്മാന് തിമോത്തി ശ്രീവര്, സ്പെഷ്യല്‍ ഒളിമ്പിക്സ് അബുദാബി കമ്മിറ്റി ചെയര്മാന് മുഹമ്മദ് അല്‍ ജുനൈബി തുടങ്ങിയവര്‍ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here