ഞാന്‍ മരണത്തില്‍ നിന്ന് പുറത്തുവന്നു, ഓപ്പറേഷന്‍ തീയറ്ററില്‍ ഞാന്‍ കണ്ണ് തുറിച്ച് വായ തുറന്ന് കിടക്കുന്നത് കണ്ടു; ജോജു ജോര്‍ജ്ജ്

ജീവിതത്തില്‍ മരണത്തെ മുഖാമുഖം കണ്ട അനുഭവം പങ്കുവച്ച് നടന്‍ ജോജു ജോര്‍ജ്ജ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോജുവിന്റെ വെളിപ്പെടുത്തല്‍. പതിനഞ്ച് വര്‍ഷം മുമ്പ് നടന്ന ഒരു മേജര്‍ സര്‍ജറിയിലിലാണ് ജോജു മരണത്തെ അനുഭവിച്ച് അറിഞ്ഞത്. ജോജുവിന്റെ വാക്കുകള്‍ ഇങ്ങനെ

ഞാനെന്റെ മരണം കണ്ട് നിന്നയാളാണ്. ആരെങ്കിലും വിശ്വസിക്കുമോ? പതിനഞ്ച് വര്‍ഷം മുമ്പ് എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സര്‍ജറിയായിരുന്നു അത്. ഓപ്പറേഷന്‍ തീയറ്ററിലേക്ക് പോകുന്നതൊക്കെ നേരിയ ഓര്‍മ്മയുണ്ട് എനിക്ക്. പിന്നീട് നടന്നതെല്ലാം ഒരു സിനിമ പോലെയാണ്. സര്‍ജറിയ്ക്കിടെ ഞാന്‍‍ എന്നില്‍ നിന്ന് പുറത്ത് വന്നു. നോക്കുമ്പോള്‍ എന്റെ ശരീരം ഓപ്പറേഷന്‍ തീയറ്ററിലാണ്. കണ്ണുകള്‍ തുറിച്ച് വായ തുറന്ന് കിടക്കുകയാണ് ഞാന്‍. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തൊക്കെയോ ചെയ്യുന്നത് കണ്ടു.

അത്രകാലത്തെ ജീവിതം ഒരു സ്ക്രീനിലെന്ന പോലെ തെളിയുകയായിരുന്നു അപ്പോള്‍. പെട്ടെന്ന് ആരോ എന്റെ അടുത്ത് വന്നതുപോലെ എനിക്ക് തോന്നി. രൂപം ഇല്ല ശബ്ദം മാത്രം. അത് മരണത്തിന്റേതാണോ ദൈവത്തിന്റേതാണോ എന്നെനിക്കറിയില്ല. കയ്യും കാലും അനക്കാന്‍ പറയുകയാണ്. ശ്രമിക്കുന്നുണ്ട് പറ്റുന്നില്ല. എനിക്ക് കരച്ചില്‍ വന്നു. പക്ഷേ എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ കഴിഞ്ഞു. അടുത്ത ദിവസം ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞു എന്റെ രണ്ടാം ജന്മമാണിതെന്ന്. സര്‍ജറിയ്ക്കിടെ എന്റെ ഹൃദയം അല്‍പനേരം നിന്ന് പോയി. അപ്പോഴാണ് ഞാന്‍ കണ്ടത് സ്വപ്നമല്ലെന്ന് എനിക്ക് ബോധ്യം വന്നത്, ജോജു ജോര്‍ജ്ജ് പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top