ദേശാടനപക്ഷികള്‍ വരുന്നത് കാലാവസ്ഥ മോശമാകുമ്പോള്‍, രാഹുലിന്റെ വരവ് അതുപോലെയെന്ന് കാനം രാജേന്ദ്രന്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുമെന്നത് സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദേശാടനപക്ഷികള്‍ കാലാവസ്ഥ മോശമാകുമ്പോഴാണ് കേരളത്തിലേക്ക് വരുന്നത്. അതുപോലെതന്നെയാണ് രാഹുല്‍ ഗാന്ധിയുടെ വരവെന്നും കാനം പറഞ്ഞു. അമേഠിയില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന ഭീതി രാഹുലിനുണ്ടാകാം. അതുകൊണ്ടാകാം കേരളത്തില്‍ മത്സരിക്കാന്‍ അദ്ദേഹം തീരുമാനിച്ചതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിക്കും. രാഹുല്‍ മത്സരിച്ചിട്ട് യുപിയില്‍ കഴിഞ്ഞ തവണ എന്തെങ്കിലും തരംഗമുണ്ടായിട്ടുണ്ടോ എന്നും കാനം ചോദിക്കുന്നു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ട്. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായാണ് വിവരം. മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് ടി സിദ്ധിഖും വ്യക്തമാക്കിയിട്ടുണ്ട്. എകെ ആന്റണിയോട് രാഹുല്‍ ഗാന്ധി സംസാരിച്ചതായും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് നേരിട്ടു സംസാരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു. എ കെ ആന്റണി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചതായും ചെന്നിത്തല പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here