അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍

kummanam rajasekharan

അമേഠിയില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍. വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാനില്ലാത്തതിനാലാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നത്. എന്തുകൊണ്ട് വയനാട് തെരഞ്ഞെടുത്തു എന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഇടത് കൂട്ടുകെട്ട് മറനീക്കി പുറത്തുവരുന്നു. സിപിഐഎം സഹായിക്കുമെന്നതിനാലാണ് രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന് സിപിഐ പറയണം. ശശി തരൂര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കേണ്ടത് തിരുവനന്തപുരത്ത് മല്‍സരിക്കുമോ എന്നാണ്. ബിജെപി നേതാക്കള്‍ക്ക് മല്‍സരിക്കാന്‍ അവരുടെതായ മണ്ഡലമുണ്ടെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന തരത്തിലുള്ള വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

Read more: രാഹുല്‍ ഗാന്ധി സമ്മതം മൂളി; വയനാട്ടില്‍ മത്സരിക്കും

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് സൂചനകളുണ്ട്. വയനാട്ടില്‍ മത്സരിക്കണമെന്ന കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധി അംഗീകരിച്ചതായാണ് വിവരം. മത്സരരംഗത്ത് നിന്ന് പിന്മാറുമെന്ന് ടി സിദ്ധിഖും വ്യക്തമാക്കിയിട്ടുണ്ട്. എകെ ആന്റണിയോട് രാഹുല്‍ ഗാന്ധി സംസാരിച്ചതായും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നുമാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് നേരിട്ടു സംസാരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ വ്യക്തമാക്കിയിരുന്നു. എ കെ ആന്റണി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചതായും ചെന്നിത്തല പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top