വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ ഗാന്ധി?

rahul gandhi to reach kochi this month 29th

വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചേക്കുമെന്ന് സൂചന. രാഹുല്‍ ഗാന്ധി കേരളത്തില്‍, പ്രത്യേകിച്ച് വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസിയാണ് ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയോട് ഇക്കാര്യം ഔദ്യോഗികമായി സംസാരിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചാല്‍ യുഡിഎഫിന് മികച്ച വിജയം ഉണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഒന്നടക്കമുള്ള ആവശ്യം. ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് നേരിട്ടു സംസാരിച്ചു. എ കെ ആന്റണി, കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് ഉള്‍പ്പെടെയുള്ളവരോട് ഇക്കാര്യം സംസാരിച്ചതായും ചെന്നിത്തല പറഞ്ഞു. അമേഠിയില്‍ കൂടാതെ വയനാട്ടിലും മത്സരിക്കണമെന്നാണ് ആവശ്യം. അമേഠിയില്‍ അദ്ദേഹത്തിന് വമ്പിച്ച ഭൂരിപക്ഷം ലഭിക്കും. വയനാട്ടില്‍ ആദിവാസി പ്രശ്‌നങ്ങള്‍ക്കുള്‍പ്പെടെ പരിഹാരം കാണാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. വയനാട്ടില്‍ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടുള്ള ടി സിദ്ധിഖിനോട് സംസാരിച്ചിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, കെപിസിസിയുടെ ആവശ്യം രാഹുലിന്റെ പരിഗണനയിലെന്ന് ഉമ്മന്‍ചാണ്ടി പറയുന്നു. ടി സിദ്ധിഖിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയാകുന്നതില്‍ നിന്നും പിന്മാറാനുള്ള സന്നദ്ധത സിദ്ധിഖ് അറിയിച്ചതായും ഉമ്മന്‍ചാണ്ടി വ്യക്തമാക്കുന്നു.

വയനാട് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം നിലനില്‍ക്കെയാണ് രാഹുലിന്റെ പേര് ഉയര്‍ന്നു കേള്‍ക്കുന്നത്.  ആദ്യഘട്ടം മുതല്‍ തന്നെ വയനാട്ടിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനിന്നിരുന്നു. കോണ്‍ഗ്രസിന്റെ ഏഴാംഘട്ട സ്ഥാനാര്‍ഥി പട്ടികയിലും വയനാട് മണ്ഡലം ഉള്‍പ്പെടുത്തിയിരുന്നില്ല. വടകരയും പട്ടികയില്‍ ഇടംപിടിച്ചിരുന്നില്ല. തര്‍ക്കങ്ങളും ആശയക്കുഴപ്പവും നിലനില്‍ക്കെ ടി സിദ്ധിഖ് വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കെപിസിസി ഉന്നയിച്ചിരിക്കുന്നത്. അതേസമയം, മുക്കത്ത് നടക്കുന്ന വയനാട് കണ്‍വെന്‍ഷനില്‍ നിന്നും രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനില്‍ക്കുന്നതും ശ്രദ്ധേയമായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top