വയനാടും വടകരയുമില്ലാതെ കോൺഗ്രസിന്റെ ഒമ്പതാം സ്ഥാനാർത്ഥി പട്ടികയുമിറങ്ങി

വയനാട് മണ്ഡലത്തിലെ സസ്‌പെൻസ് നിലനിർത്തി ലോക്‌സഭാ തെരഞ്ഞെടുപ്പിനുളള കോൺഗ്രസിന്റെ ഒമ്പതാമത്തെ സ്ഥാനാർത്ഥി പട്ടികയും പുറത്തിറങ്ങി. തമിഴ്‌നാട്, കർണാടക,ബീഹാർ, മഹാരാഷ്ട്ര, സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. വയനാട് മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകാൻ കാരണം.

Read Also; രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം തിങ്കളാഴ്ചയെന്ന് ചെന്നിത്തല

വയനാട്ടിൽ നേരത്തെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരുന്ന ടി സിദ്ദിഖ് മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചിരുന്നു. എന്നാൽ രാഹുൽ ഇവിടെ സ്ഥാനാർത്ഥിയാകാൻ സാധ്യതയേറിയതോടെ താൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറുമെന്ന് സിദ്ദിഖ് അറിയിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്ന മറ്റൊരു സീറ്റായ വടകരയിൽ തർക്കങ്ങളൊന്നുമില്ലെങ്കിലും വയനാടിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം. വടകരയിലെ സ്ഥാനാർത്ഥിയായ കെ മുരളീധരൻ സജീവമായി പ്രചാരണരംഗത്തുണ്ട്.

Read Also; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ

കോൺഗ്രസ് ഇന്ന് പുറത്തിറക്കിയ സ്ഥാനാർത്ഥി പട്ടികയിൽ  ബംഗളുരു സൗത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.  രാഹുൽ ഗാന്ധിക്കായി ഈ മണ്ഡലം കോൺഗ്രസ് നേരത്തെ പരിഗണിച്ചിരുന്നു. ബി.കെ ഹരിപ്രസാദാണ് ഇവിടെ മത്സരിക്കുന്നത്. കോൺഗ്രസ് നേതാവ് പി  ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം തമിഴ്‌നാട്ടിലെ ശിവഗംഗ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. ഈ മണ്ഡലത്തിലും രാഹുൽ മത്സരിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top