രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനം തിങ്കളാഴ്ചയെന്ന് ചെന്നിത്തല

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് രാഹുൽഗാന്ധിയും കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയുമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പങ്ങൾ ഒന്നുമില്ലെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കി. ഇതു സംബന്ധിച്ച് രാഹുൽ ഗാന്ധിയുടെ തീരുമാനം മാത്രമേ അറിയാനുള്ളൂവെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
Read Also; രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടില്ലെന്ന് പി സി ചാക്കോ
വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ അന്തിമതീരുമാനമെടുക്കുന്നതിന് മുൻപേ സംഭവം വിവാദമാക്കിയതിൽ പ്രതിഷേധവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി സി ചാക്കോ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ അറിവിൽ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കാൻ താൽപര്യം അറിയിച്ചിട്ടില്ലെന്നായിരുന്നു പി സി ചാക്കോയുടെ പ്രതികരണം.
വയനാട്ടിൽ മത്സരിക്കണമെന്ന കെപിസിസി നിർദേശത്തോട് രാഹുൽഗാന്ധി അനുകൂല നിലപാട് എടുത്തതായി അറിയില്ല. ഗ്രൂപ്പ് തർക്കങ്ങൾ ഏറ്റവുമധികം രൂക്ഷമായ സീറ്റാണ് വയനാട്. രാഹുലിനെ ക്ഷണിച്ചത് കോൺഗ്രസുകാരുടെ വികാരമാണ്. എന്നാൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാൻ സമ്മതം അറിയിച്ചു എന്നുള്ള വ്യാജേന പ്രചാരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും പാടില്ലായിരുന്നുവെന്നും പി സി ചാക്കോ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here