പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ ഓർത്തഡോക്സ് സഭാംഗങ്ങളെ തടഞ്ഞു

പള്ളിത്തർക്കം നിലനിൽക്കുന്ന പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് സഭാംഗങ്ങളെ യാക്കോബായ വിഭാഗം തടഞ്ഞു. യാക്കോബായ വിഭാഗം പള്ളി അടച്ച് അകത്ത് പ്രാർത്ഥന നടത്തുകയാണ്. അതേ സമയം ഓർത്തഡോക്സ് വിഭാഗം പള്ളിക്ക് പുറത്ത് പ്രതിഷേധം തുടരുകയാണ്. കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ പള്ളിയിൽ പ്രവേശിക്കാവാനെത്തിയ ഓർത്തോഡോക്സ് വിഭാഗക്കാരെ പള്ളിക്ക് മുന്നിൽ യാക്കോബായ വിഭാഗം തടയുകയായിരുന്നു.
അമ്പതോളം വരുന്ന ഓർത്തഡോക്സ് സഭാ വിശ്വാസികളാണ് പ്രാർത്ഥനക്കായി പള്ളിയിലെത്തിയത്. എന്നാൽ യാക്കോബായ വിശ്വാസികൾ പള്ളി അകത്ത് നിന്ന് പൂട്ടി ഓർത്തഡോക്സ് വിഭാഗം കയറുന്നത് തടയുകയായിരുന്നു.ഇരുവിഭാഗങ്ങളുമായി ജില്ലാ ഭരണകൂടം ചർച്ചനടത്തിയിരുന്നെങ്കിലും ധാരണയായില്ല. നേരത്തെ ഓർത്തഡോക്സ് വിഭാഗത്തിന് പ്രാർത്ഥനയ്ക്ക് പ്രത്യേക സമയം അനുവദിച്ചിരുന്നു. ഇതും ഇപ്പോൾ അനുവദിക്കുന്നില്ലെന്ന് ഓർത്തഡോക്സ് സഭ പറയുന്നു.
Read Also; മാന്ദാമംഗലം പള്ളി തർക്കം; കളക്ടറുടെ ഉപാധികൾ അംഗീകരിക്കുമെന്ന് യാക്കോബായ വിഭാഗം
സർക്കാർ ഓർത്തഡോക്സ് സഭയെ അവഗണിക്കുകയാണെന്നും കോടതി വിധി അടിയന്തരമായി നടപ്പാക്കണമെന്നും സഭാ വക്താവ് ഫാ.ജോൺസ് എബ്രഹാം കോനാട്ട് പ്രതികരിച്ചു. ഇന്നലെ രാത്രിയാണ് യാക്കോബായ വിഭാഗക്കാർ പള്ളിക്കകത്ത് പ്രാർത്ഥനാ യജ്ഞം ആരംഭിച്ചത്. നൂറോളം പേർ പള്ളിക്കകത്ത് ഇപ്പോഴും പ്രാർത്ഥനാ യജ്ഞം തുടരുകയാണ്. പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഓർത്തഡോക്സ് ശ്രമം അംഗീകരിക്കില്ലെന്നാണ് യാക്കോബായ സഭയുടെ നിലപാട്.സംഘർഷ സാധ്യത ഒഴിവാക്കാൻ വൻ പോലീസ് സന്നാഹമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here