കന്യാസ്ത്രീ പീഡനം; സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ച ഫാ. ജെയിംസ് ഏര്‍ത്തയിലിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് പാലാ കോടതിയില്‍ കുറ്റപത്രം നല്‍കിയത്. കേസില്‍ നിന്ന് പിന്‍മാറിയാല്‍ പത്ത് ലക്ഷവും മഠവും നല്‍കാമെന്നായിരുന്നു എര്‍ത്തയിലിന്റെ വാഗ്ദാനം. ഇതിന് വഴങ്ങാതിരുന്നതോടെ ഫോണില്‍ ഭീഷണി മുഴക്കിയതിനും കുറ്റപത്രത്തില്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരാതിക്കാരിയെ പിന്തുണച്ച കന്യാസ്ത്രീകളെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ ഉണ്ടായിരുന്ന ഫാ. ജെയിംസ് എര്‍ത്തയില്‍ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പരാതി പിന്‍വലിച്ചാല്‍ പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്ന് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് വാഗ്ദാനം നല്‍കിയ കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

Read Also : സിസ്റ്റർ ലിസി വടക്കേലിന് അന്ത്യശാസനം

വാഗ്ദാനങ്ങള്‍ക്ക് വഴങ്ങാതിരുന്നതോടെ നിരന്തരം ഭീഷണി മുഴക്കിയെന്നും കന്യാസ്ത്രീകള്‍ പരാതി നല്‍കി. അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് കുറ്റപത്രം കൈമാറിയത്. സാക്ഷികളെ വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചു, ഫോണ്‍ മുഖാന്തരം ഭീഷണിപ്പെടുത്തി എന്നീ വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്. സംഭവം പുറത്തുവന്നതിനു പിന്നാലെ കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍ നിന്നും ഏര്‍ത്തയിലിനെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അറസ്റ്റിലായ ഫാ ജെയിംസ് എര്‍ത്തയില്‍ നിലവില്‍ ജാമ്യത്തിലാണ്. എന്നാല്‍ ലൈംഗിക പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രം വൈകുന്നതിനെതിരെ കഴിഞ്ഞ ദിവസം കന്യാസ്ത്രീകള്‍ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിരുന്നു

കഴിഞ്ഞ വർഷമാണ് കുറവിലങ്ങാട് മഠത്തിൽവെച്ച് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന വാർത്ത പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഫ്രാങ്കോ മുളയ്ക്കൽ പിടിയിലായി. സെപ്തംബർ 21 നാണ് ഫ്രാങ്കോ അറസ്റ്റിലാകുന്നത്. പിന്നീട് കോടതി ഫ്രാങ്കോയ്ക്ക് ജാമ്യം നൽകിയിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More