എല്ലാവര്‍ക്കും നിശ്ചിത വരുമാനം; പ്രകടന പട്ടികയിലെ പദ്ധതി പുറത്ത് വിട്ട് രാഹുല്‍, വയനാടിനെ കുറിച്ച് പ്രതികരിച്ചില്ല

rahul

അധികാരത്തില്‍ എത്തിയാല്‍ എല്ലാവര്‍ക്കും  നിശ്ചിത വരുമാനം ഉറപ്പ് വരുത്തുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന പട്ടികയിലെ പ്രധാന പദ്ധതി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും പ്രതിമാസം 12,000രൂപ ഉറപ്പാക്കുന്ന ന്യായ് എന്ന പദ്ധതിയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് മിനിമം വരുമാനം പദ്ധതിയ്ക്ക് കോണ്‍ഗ്രസ് അന്തിമരൂപം നല്‍കിയത്.

രാജ്യത്തെ 20ശതമാനം നിര്‍ധന കുടുംബങ്ങളെ ലക്ഷ്യം വച്ചുള്ള പദ്ധതിയാണ് കോണ്‍ഗ്രസ് വിഭാവനം ചെയ്യുന്നത്. 12000രൂപ വരുമാനം ഇല്ലാത്ത കുടുംബങ്ങളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.   പദ്ധതികള്‍ക്ക് ഇത് ഭാഷയുടെ വേര്‍ത്തിരിവ് ഉണ്ടാകില്ല. ഈ കുടുംബങ്ങളുടെ അക്കൗണ്ടിലേക്ക് ഈ തുക നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ വര്‍ഷവും ഇത് ലഭിക്കും. ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുക. അഞ്ച് കോടി കുടുംബങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.  കഴിഞ്ഞ അഞ്ച് വര്‍ഷം കര്‍ഷകര്‍ക്ക് ദരിദ്രമായ കാലഘട്ടമായിരുന്നു.

ഒരു കുടുംബത്തിന്റെ മിനിമം വരുമാനം ആറായിരം ആണെങ്കില്‍ ബാക്കി തുക സര്‍ക്കാര്‍ നല്‍കും എന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അത്തരത്തില്‍ എല്ലാവര്‍ക്കും 12000രൂപ ഉറപ്പ് വരുത്തുന്നതാണ് പദ്ധതി. പാവപ്പെട്ടവര്‍ക്ക് നീതി ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. 20 ശതമാനം കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ ഉറപ്പ് വരുത്തും. ലക്ഷ്യം ഒരു ഇന്ത്യയാണ്. അംബാനിമാര്‍ക്കുള്ള മറ്റൊരു ഇന്ത്യ സൃഷ്ടിച്ച സര്‍ക്കാറാണ് ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഒരു ഇന്ത്യയാണ് സൃഷ്ടിയ്ക്കുകയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിയുടെ കിസാൻ യോജന പദ്ധതിയ്ക്ക് ബദലായ പദ്ധതിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്.
ദരിദ്രരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയാണ് ലക്ഷ്യമെന്നും രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ആംആദ്മിയുമായുള്ള സഖ്യത്തെ കുറിച്ചോ, വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നത് സംബന്ധിച്ചോ പ്രതികരിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top