ഡൽഹിയിലെ ആം ആദ്മി സഖ്യം; തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ എതിർപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. ഡൽഹിയിലെ സഖ്യവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളും എഎഐസിസി സെക്രട്ടറി പി.സി ചാക്കോയുമായി ഇന്ന് ചർച്ച നടത്തിയിരുന്നു. ആം ആദ്മിയുമായുള്ള സഖ്യത്തിൽ സംസ്ഥാന നേതൃത്വത്തിലെ ചിലരുടെ എതിർപ്പ് തുടരുന്നുവെന്നാണ് വിവരം. ഡൽഹിയിലെ ഏഴ് സീറ്റുകളിൽ കോൺഗ്രസിന് രണ്ട് സീറ്റ് നൽകാനാണ് ആം ആദ്മി പാർട്ടി ശ്രമിക്കുന്നത്. എന്നാൽ മൂന്ന് സീറ്റുകൾ വേണമെന്ന നിലപാടിലാണ് കോൺഗ്രസ് ഉറച്ചുനിൽക്കുന്നത്. ഡൽഹിയിലെ സഖ്യത്തിന്റെ കാര്യത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി അന്തിമതീരുമാനം പ്രഖ്യാപിക്കുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത് മാധ്യമങ്ങളോട് പറഞ്ഞു.

ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ എതിർപ്പറിയിച്ച് ഷീല ദീക്ഷിത് നേരത്തെ രംഗത്തുവന്നിരുന്നു. സഖ്യം കോൺഗ്രസിന് നഷ്ടം മാത്രമേ ഉണ്ടാക്കുകയുള്ളൂവെന്നും താൻ സഖ്യത്തിന് എതിരാണെന്നും ഷീല ദീക്ഷിത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. എന്നാൽ ഡൽഹിയിലെ പതിനാല് ജില്ലാ അധ്യക്ഷൻമാരിൽ 13 പേരും ആംആദ്മി സഖ്യത്തെ പിന്തുണച്ച സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം സഖ്യത്തിനായി ചർച്ചകൾ തുടരുകയായിരുന്നു. യുപിഎ ഘടകകക്ഷിയെന്ന നിലയിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും കോൺഗ്രസ്-ആം ആദ്മി ചർച്ചയിൽ ഇടപെട്ടിരുന്നു.

നേരത്തെ ഡൽഹിയിൽ സഖ്യം വേണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി അധ്യക്ഷനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ കോൺഗ്രസ് നേതൃത്വത്തെ സമീപിച്ചിരുന്നെങ്കിലും സഖ്യം വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്വീകരിച്ചത്. എന്നാൽ ആം ആദ്മി പാർട്ടിയുമായി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നടത്തിയ സർവ്വേയിൽ സഖ്യമായി മത്സരിച്ചാൽ മികച്ച വിജയം നേടാമെന്ന് ഭൂരിഭാഗം ആളുകളും പ്രതികരിച്ചതിന് പിന്നാലെയാണ് സഖ്യ ചർച്ചകൾ വീണ്ടും ചൂടുപിടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top