ഉപഗ്രഹവേധ മിസൈൽ പരീക്ഷണം വിജയിച്ചു ; ബഹിരാകാശ രംഗത്ത് ഇന്ത്യ വൻശക്തിയായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ചാര ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്തുന്നതിനുള്ള ഉപഗ്രഹവേധ മിസൈൽ വിക്ഷേപണത്തിൽ ഇന്ത്യ വിജയിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. 300 കിലോമീറ്റർ ഉയരത്തിലുള്ള ഉപഗ്രഹത്തെ ലക്ഷ്യം വെച്ച് നടത്തിയ ‘മിഷൻ ശക്തി’ ഓപ്പറേഷൻ മൂന്ന് മിനുട്ടിനുള്ളിൽ തന്നെ ലക്ഷ്യം കണ്ടതായും ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.ഇന്ത്യ ബഹിരാകാശ രംഗത്ത് വൻ ശക്തിയായി മാറിയിരിക്കുകയാണെന്നും എല്ലാ ഭാരതീയർക്കും ഇത് അഭിമാന നിമിഷമാണെന്നും മോദി വ്യക്തമാക്കി.

ഡിആർഡിഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത എ സാറ്റ് എന്നു പേരിട്ടിരിക്കുന്ന മിസൈൽ ലോ എർത്ത് ഓർബിറ്റിൽ പ്രവർത്തനസജ്ജമായിരുന്ന ഉപഗ്രഹമാണ് തകർത്തത്. ഇന്ത്യയെ നിരീക്ഷിക്കാനായി ഇനി ഏതെങ്കിലും ശത്രുരാജ്യം നിരീക്ഷണ ഉപഗ്രഹം ഉപയോഗിച്ചാൽ അതിനെ നശിപ്പിക്കാനുള്ള ശക്തിയാണ് ഇന്ത്യ ഇതോടെ കൈവരിച്ചത്. അതേ സമയം ഇന്ത്യയുടെ സുരക്ഷയ്ക്കും പ്രതിരോധ ആവശ്യങ്ങൾക്കുമായാണ് പരീക്ഷണം നടത്തിയതെന്നും ഇന്ത്യയുടെ ഈ കഴിവ് ഒരിക്കലും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കില്ലെന്ന് രാജ്യാന്തര സമൂഹത്തിന് ഉറപ്പുനൽകുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

രാജ്യാന്തര നിയമങ്ങളെല്ലാം പാലിച്ചുകൊണ്ടുള്ളതാണ് രാജ്യത്തിന്റെ ഈ പരീക്ഷണമെന്നും മോദി വ്യക്തമാക്കി. ലോകത്ത് റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് മാത്രമാണ് ഇതു വരെ ഇത്തരം മിസൈലുകൾ ഉണ്ടായിരുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ വിജയം വലിയൊരു നേട്ടമാണ്.

കരയിലും കടലിലും ആകാശത്തും മാത്രമല്ല ഇനി ബഹിരാകാശത്തു നിന്നുള്ള ആക്രമണങ്ങളെ കൂടി പ്രതിരോധിക്കാൻ ഇന്ത്യക്കാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കഠിനമായ ഈ പരീക്ഷണത്തിലൂടെ ഇന്ത്യയെ കൂടുതൽ കരുത്തുറ്റതാക്കി മാറ്റാൻ പ്രയത്‌നിച്ച എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നതായും നരേന്ദ്രമോദി കൂട്ടിച്ചേർത്തു. അതേ സമയം പരീക്ഷണം നടത്തിയത് എവിടെ നിന്നാണെന്ന് ഉൾപ്പെടെയുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top