ഉത്തർ പ്രദേശിലെ പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം

ഉത്തർ പ്രദേശിലെ പ്രിയങ്ക ഗാന്ധിയുടെ രണ്ടാംഘട്ട പ്രചാരണ പരിപാടികൾക്ക് ഇന്ന് തുടക്കം.
മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയിൽ അമേഠി, റായ്ബറേലി, ഫൈസാബാദ്, അയോധ്യ എന്നിവിടങ്ങൾ പ്രിയങ്ക ഗാന്ധി സന്ദർശിക്കും. ആദ്യ രണ്ട് ദിവസങ്ങളിൽ ബൂത്ത് തല പ്രവർത്തകരുമായി പ്രിയങ്ക സംവദിക്കും.
പ്രയാഗ് രാജ് മുതൽ വാരണാസി വരെ നടത്തിയ ഗംഗാ യാത്രയ്ക്ക് ശേഷമാണ് രണ്ടാം ഘട്ട പ്രചാരണ പരിപാടികൾക്കായി പ്രിയങ്ക ഇന്ന് ഉത്തർപ്രദേശിൽ എത്തുന്നത്. രാവിലെ ലഖ്നൗ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്കയുടെ ആദ്യ പരിപാടി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലാണ്. മുസാഫിർ ഖാന എഎച്ച് ഇന്റർ കോളേജിൽ ബൂത്ത് പ്രസിഡണ്ടുമാരെ പ്രിയങ്ക അഭിസംബോധന ചെയ്യും.
Read Also : രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോ ? ഇന്നറിയാം
നാളെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക എത്തും. ഇവിടെയും ബൂത്ത് തല സംവദിക്കുന്നതിനായിരിക്കും സമയം ചെലവഴിക്കുക. വെള്ളിയാഴ്ചയാണ് അയോധ്യയിൽ എത്തുന്നത്. ഫൈസാബാദിൽ റോഡ് ഷോ സംഘടിപ്പിക്കുന്ന പ്രിയങ്ക അയോധ്യയിലെ ഹനുമാൻ ഗഢി ക്ഷേത്രത്തിൽ ദർശനം നടത്തും.അമേഠി മുതൽ ഫൈസാബാദ് വരെയുള്ള യാത്രയിൽ 32 ഇടങ്ങളിൽ പ്രിയങ്ക ജനങ്ങളുമായി സംവദിക്കും. ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗം യാത്ര നടത്താനായിരുന്നു പ്രിയങ്ക തീരുമാനിച്ചിരുന്നത്.
എന്നാൽ സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here