ഗോവ രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ; രണ്ട് സഖ്യകക്ഷി എംഎൽഎമാർ ബിജെപിയിൽ ചേർന്നു

അർദ്ധരാത്രിയിലെ നാടകീയ നീക്കങ്ങളിലൂടെ ഗോവ നിയമസഭയിൽ ബിജെപി അംഗസംഖ്യ 12 ൽ നിന്ന് 14 ആക്കി. ബിജെപിയുടെ സഖ്യകക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ രണ്ട് എംഎൽഎ മാരാണ് ഇന്നലെ അർദ്ധരാത്രി ബിജെപിയിലെത്തിയത്. എംഎൽഎ മാരായ മനോഹർ അജ്‌ഗോൻകർ, ദീപക് പവാസ്‌കർ എന്നിവർ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സ്പീക്കറെ സന്ദർശിച്ച് പാർട്ടി ബിജെപിയിൽ ലയിക്കുകയാണെന്ന് അറിയിച്ചത്. നാടകീയ നീക്കത്തോടെ എംജിപിയുടെ അവശേഷിക്കുന്ന ഏക എം എൽ എ സുധിൻ ദവാലിക്കറിന് ഉപമുഖ്യമന്ത്രി പദം നഷ്ടമായേക്കും.
Goa: Two MGP MLAs join BJP
Read @ANI story | https://t.co/NA7Juh85Iz pic.twitter.com/IlBy4TNuaA
— ANI Digital (@ani_digital) March 27, 2019
ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ മരണത്തിന് ശേഷം പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് പിന്തുണ പിൻവലിക്കുമെന്ന് സുദിൻ ദവാലികർ ഭീഷണി മുഴക്കിയിരുന്നു. ഇതേ തുടർന്നാണ് ദവാലികർക്ക് ഉപമുഖ്യമന്ത്രിപദം ബിജെപി വാഗ്ദാനം ചെയ്തത്. എന്നാൽ രണ്ടാഴ്ച തികയും മുമ്പേ അതേ പാർട്ടിയിലെ രണ്ട് എംഎൽഎമാരെ സ്വന്തം ക്യാമ്പിലെത്തിച്ചാണ് ബിജെപി ദവാലികർക്ക് വിലപേശലിനുള്ള മറുപടി നൽകിയിരിക്കുന്നത്. അതേ സമയം രണ്ട് എംഎൽഎ മാർ കൂടി എത്തിയതോടെ 40 അംഗ ഗോവ നിയമസഭയിൽ ബിജെപിക്കും കോൺഗ്രസിനും അംഗസംഖ്യ തുല്യമായി.
ഇതുവരെ കോൺഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ഈ സാധ്യത മുൻ നിർത്തി കോൺഗ്രസ് കഴിഞ്ഞയാഴ്ച സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് ഗവർണറെ കാണുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി നാടകീയ നീക്കങ്ങളിലൂടെ അംഗസംഖ്യ ഉയർത്തിയത്.മനോഹർ പരീക്കറുടെ വിയോഗത്തെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധി വളരെ പെട്ടെന്ന് പരിഹരിച്ച് പ്രമോദ് സാവന്ത് പുതിയ മുഖ്യമന്ത്രിയായതിന് തൊട്ട് പിന്നാലെയാണ് ബിജെപിയുടെ അടുത്ത നീക്കങ്ങളെന്നതും ശ്രദ്ധേയമാണ്. നേരത്തെ സാവന്ത് മുഖ്യമന്ത്രിയാകുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ച സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിക്കും ഗോവ ഫോർവേഡ് പാർട്ടിക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകി കൊണ്ടാണ് പ്രശ്‌നം പരിഹരിച്ചത്.
മൂന്നിൽ രണ്ട് എംഎൽഎ മാർ പാർട്ടി വിട്ടതോടെ കൂറുമാറ്റ നിരോധന നിയമം ബിജെപിയിലെത്തിയ എംഎൽഎ മാരെ ബാധിക്കില്ല. ഗോവ ഫോർവേർഡ് പാർട്ടിയുടെ മൂന്ന് എംഎൽഎ മാരും മൂന്ന് സ്വതന്ത്ര എം എൽ എ മാരും ബി ജെ പിയെ പിന്തുണയ്ക്കുന്നുണ്ട്. നാൽപത് അംഗ ഗോവ നിയമസഭയിൽ നിലവിൽ 36 എംഎൽഎ മാരാണുള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ 19 എംഎൽഎ മാരുടെ പിന്തുണ മതി. സുധിൻ ദവാലിക്കർ പിന്തുണ പിൻവലിച്ചാലും സർക്കാരിന് പ്രതിസന്ധിയുണ്ടാകില്ല. അതേ സമയം ബിജെപിയുടെ സഖ്യകക്ഷികളായവരുടെ അവസ്ഥ ഇങ്ങനെയായിരിക്കുമെന്നും പ്രദേശിക പാർട്ടികളെ പൂർണ്ണമായും നശിപ്പിക്കുന്ന സമീപനമാണിതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here