കനത്ത ചൂടിൽ കേരളം; ജാഗ്രതാ നിർദേശം ഒരാഴ്ച കൂടി തുടർന്നേക്കും

സംസ്ഥാനത്ത് ഒരാഴ്ച കൂടി കടുത്ത ചൂട് തുടർന്നേക്കുമെന്ന് റിപ്പോർട്ട്. വേനൽ കടുത്തതോടെ ഇടുക്കി,വയനാട് ഒഴികെയുള്ള ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വെള്ളിയാഴ്ച വരെ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം മാർച്ച് 31 വരെ നീട്ടുമെന്നാണ് വിവരം.

കേരളത്തിൽ ഇതു വരെ 284 പേർക്ക് സൂര്യാതപമേറ്റതായാണ് ഔദ്യോഗിക കണക്കുകൾ. സൂര്യാഘാതം മൂലം ഒരു മരണവും സ്ഥിരീകരിച്ചു. പത്തനംതിട്ട ജില്ലയിലാണ് സൂര്യാതപമേറ്റ സംഭവങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.ഏപ്രിൽ ആദ്യ വാരത്തിലും ചൂടിന് ശമനമുണ്ടാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്‌രുടെ മുന്നറിയിപ്പ്. ഏപ്രിൽ ആദ്യവാരത്തോടെ ദക്ഷിണേന്ത്യയിൽ ശരാശരിയിൽ നിന്ന് നാലു ഡിഗ്രി വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ വകുപ്പും വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്തെ കൊടും ചൂട്,വരൾച്ച എന്നിവ വിലയിരുത്തുന്നതിനായി ഇന്നലെ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നിരുന്നു. സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്നും എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സജ്ജമാക്കണമെന്നും യോഗം വിലയിരുത്തി. ഇതിനായി ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മൂന്ന് ടാസ്‌ക് ഫോഴ്‌സുകളെ സജ്ജമാക്കാനും കളക്ട്രേറ്റുകളിൽ അടിയന്തരമായി കൺട്രോൾ റൂമുകൾ തുറക്കാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top