‘താനൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ഒരു സ്ഥാനമാനങ്ങളും ചോദിച്ചിട്ടില്ല’: കെ വി തോമസ്

ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലെത്തിയ കെ വി തോമസിന് വന്‍ സ്വീകരണം. താനൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും ഒരു സ്ഥാനമാനങ്ങളും ആരോടും ചോദിച്ചിട്ടില്ലെന്നും കെ വി തോമസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. സാധാരണ പ്രവര്‍ത്തകനായിട്ടാണ് താന്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ 20 നിയോജന മണ്ഡലങ്ങളില്‍ പോയി യുഡിഎഫിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ വി തോമസ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണുന്നതിന് വേണ്ടിയാണ് തങ്ങളൊക്കെ പ്രവര്‍ത്തിക്കുന്നത്. ഒരു സാധാരണ പ്രവര്‍ത്തകന്‍ എന്ന നിലയല്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ട്. പദവികളില്‍ നിന്നും മാറി നില്‍ക്കാനുള്ള ആഗ്രഹം താന്‍ മാസങ്ങള്‍ക്ക് മുന്‍പേ നേതൃത്വത്തെ അറിയിച്ചിരുന്നു. എറണാകുളത്തെ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അതില്‍ വിഷമമുണ്ടായിരുന്നു. അതില്‍ കൂടുതലായി ഒന്നുമില്ല. ഒരു ഉറപ്പിന്റേയും പേരിലല്ല താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും കെ വി തോമസ് പറഞ്ഞു.
Read more: ഒടുവില്‍ കെ വി തോമസ് നിലപാട് മയപ്പെടുത്തി; താന്‍ കോണ്‍ഗ്രസുകാരന്‍, പാര്‍ട്ടി വിടില്ല
സോണിയ ഗാന്ധിയുമായി ബന്ധങ്ങളും കടപ്പാടുകളുമുണ്ട്. അവര്‍ വിളിച്ച് സംസാരിച്ചപ്പോള്‍ വിഷമങ്ങളെല്ലാം മാറി. രമേശ് ചെന്നിത്തലയുമായും നല്ല ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്. രാഷ്ട്രീയം കളിക്കുന്ന ആളല്ല താന്‍. ഒരുപാട് സ്ഥാനമാനങ്ങള്‍ നല്‍കിയ പാര്‍ട്ടിയാണ്. പ്രവര്‍ത്തകരാണ് തന്റെ ശക്തി. അവരേക്കാള്‍ വലിയ ഒരു സ്ഥാനവും തനിക്ക് ലഭിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളത്തെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇടഞ്ഞു നിന്ന കെ വി തോമസിനെ സോണിയ ഗാന്ധി ഇടപെട്ടാണ് അനുനയിപ്പിച്ചത്. സംസാരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനെത്തിയ രമേശ് ചെന്നിത്തലയോട് കെ വി തോമസ് ക്ഷോഭിച്ചത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സോണിയ വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട കെ വി തോമസ് തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here