‘പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്’; അനില്‍ അക്കരക്ക് പി കെ ബിജുവിന്റെ മറുപടി

ഡോക്ടറേറ്റ് നേടിയത് കോപ്പിയടിച്ചാണോ എന്ന് പരിഹസിച്ച അനില്‍ അക്കര എംഎല്‍എക്ക് മറുപടിയുമായി ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ബിജു രംഗത്ത്. പി കെ ബിജുവും യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് അനില്‍ അക്കര വിവാദ പരാമര്‍ശം നടത്തിയത്. അത് പിന്നീട് യുഡിഎഫ് പ്രചാരണായുധമായി ഏറ്റെടുത്തിരുന്നു. തന്റെ പിഎച്ച്ഡി യോഗ്യതകളെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഫെയ്‌സ്ബുക്കിലൂടെയാണ് ബിജു മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രചരണത്തിനിടയില്‍ നടന്ന ഒരു കാര്യം സൂചിപ്പിച്ചു കൊണ്ട് മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ള ചിത്രവും ബിജു പോസ്റ്റില്‍ പങ്കുവച്ചിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കഴിഞ്ഞ ദിവസം നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോഴാണ്
ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത്
കൈ കൊടുത്തപ്പോള്‍ തന്നെ കുമാരേട്ടന്‍ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു
പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നല്‍കി
എനിക്ക് ഒരു മകളുണ്ട്
അഖില എന്നാണ് പേര്
നിങ്ങള്‍ പഠിച്ച എം ജി യൂണിവേഴ്‌സിറ്റിയില്‍ തന്നെയാണ് പഠിക്കുന്നത്
നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം
മകളുടെ ടീച്ചര്‍മാര്‍ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങള്‍ ചെയ്തു തരണമെന്നായി അദ്ദേഹം
എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍
എന്റെ അച്ഛന്‍ മാത്രമായിരുന്നു
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു
പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛന്‍
ആ അച്ഛനായിരുന്നു തെരുവില്‍ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്
ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം
പഠിച്ചു നേടിയതാണ്
പൊരുതി നേടിയതാണ്
തലമുറകള്‍ പകര്‍ന്നു നല്‍കിയതാണ്
അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം…
വിജയിച്ചാല്‍ രമ്യ ഹരിദാസായിരിക്കും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ദളിത് എംപി എന്ന അനില്‍ അക്കരയുടെ അവകാശവാദം ചോദ്യം ചെയ്തുകൊണ്ട് ദീപ നിശാന്ത് ഇട്ട പോസ്റ്റിനെ തുടര്‍ന്ന് അത് ദളിത് ആക്ഷേപമാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു. എന്നാല്‍ ദളിത് സമുദായത്തില്‍ നിന്ന് തന്നെയുള്ള പികെ ബിജുവിന്റെ അക്കാദമിക് നേട്ടങ്ങളെ എന്തുകൊണ്ട് കുറച്ച് കാണിക്കുന്നു എന്ന ചോദ്യവും ഇതിനു പിന്നാലെ ഉയര്‍ന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി പി കെ ബിജു രംഗത്തെത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here