ഇടതുപക്ഷത്തിന്റെ സമ്മർദ്ദം കാരണം രാഹുൽ കേരളത്തിൽ മത്സരിക്കില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

ഇടതുപക്ഷത്തിന്റെ സമ്മർദ്ദം കാരണം രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കില്ലെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിന്റെ സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും സമ്മർദ്ദമുണ്ടായാൽ നിലപാട് മാറ്റുന്ന ആളല്ല രാഹുൽ ഗാന്ധിയെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടേതാണ് അന്തിമ തീരുമാനം.
Read Also; രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി
രാഹുലിനോട് വയനാട്ടിൽ മത്സരിക്കാൻ ഞങ്ങൾ ആവശ്യപ്പെടുകയാണുണ്ടായത്. കർണാടകയും തമിഴ്‌നാടും ആവശ്യപ്പെട്ട പോലെ കേരളത്തിലെ നേതാക്കളും രാഹുലിനെ മത്സരിക്കാൻ ക്ഷണിച്ചു. എന്നാൽ ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി തീരുമാനങ്ങളൊന്നും അറിയിച്ചിരുന്നില്ലെന്നും ഇന്നു വൈകീട്ടോടെ ഇക്കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഉമ്മൻ ചാണ്ടി നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുൽ കേരളത്തിൽ മത്സരിക്കുമെന്ന ഒരു സൂചന പോലും താൻ നൽകിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഒരിക്കലും രണ്ടാമതൊരു സീറ്റിൽ മത്സരിക്കുമെന്ന കാര്യം പോലും തീരുമാനിച്ചിട്ടില്ല. ഇതിനു മുമ്പ് അദ്ദേഹം രണ്ട് സീറ്റിൽ മത്സരിച്ചിട്ടുമില്ല. തമിഴ്‌നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും രാഹുൽ മത്സരിക്കണമെന്ന ആവശ്യമുയർന്ന സാഹചര്യത്തിലാണ് വയനാട്ടിൽ നിന്നും മത്സരിക്കണമെന്ന് താൻ ആവശ്യപ്പെട്ടതെന്നും ഉമ്മൻചാണ്ടി പറഞ്ഞു. രാഹുൽ കേരളത്തിൽ സിപിഎമ്മിനെതിരെ മത്സരിക്കുന്ന കാര്യത്തിൽ യുപിഎ ഘടകകക്ഷികളടക്കം രാഹുലിനെ എതിർപ്പറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തില്ലെന്നാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here