തൊടുപുഴയില്‍ രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചസംഭവം; കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് തലച്ചോറ് പുറത്ത് വന്ന നിലയില്‍

തൊടുപുഴയിൽ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ നില അതീവ ഗുരുതരം. തലയോട് പൊട്ടി തലച്ചോറ് പുറത്ത് വന്ന അവസ്ഥയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിലാണ് കുട്ടി. ഏഴ് വയസ് മാത്രമാണ് കുട്ടിയുടെ പ്രായം. മൂന്നര വയസ്സുള്ള സഹോദരനും മര്‍ദ്ദനമേറ്റിട്ടുണ്ട്. കുട്ടിയെ മർദ്ദിച്ചത് രണ്ടാനച്ഛനെന്നാണ് സൂചന. അമ്മയും രണ്ടാനച്ഛനും പൊലീസ് നിരീക്ഷണത്തിലാണ്.
തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ എഴ് വയസ്സുകാരനാണ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റത്. രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് കുട്ടിയുടെ അമ്മ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കുട്ടിയുടെ തലയോട് പൊട്ടിയെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസിന്റെ സഹായത്തോടെ വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബലമുള്ള വടികൊണ്ടോ ചുമരിലിടച്ചതോ ആണ് തലയോടിന് ക്ഷതം പറ്റാന്‍ കാരണം എന്നാണ് പോലീസ് സംശയിക്കുന്നത്. കുട്ടിയുടെ മാതാവും രണ്ടാനച്ഛനും പോലീസിന്റെ നിരീക്ഷണത്തിലാണ്. തലയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടി ഇപ്പോള്‍ വെന്‍റിലേറ്ററിലാണ്.
പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടർന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു. ഇയാള്‍ ലഹരിയ്ക്ക് അടിമയാണെന്ന് സൂചനയുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here