തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി ഗുരുതരാവസ്ഥയിലുള്ള ഏഴു വയസുകാരന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടിക്ക് ആവശ്യമായ ശാരീരികവും മാനസികവുമായ ചികില്‍സ ഉറപ്പാക്കും. ഇളയകുട്ടി ഉള്‍പ്പെടെയുള്ള രണ്ട് കുട്ടികളുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കും. ആരോഗ്യ വകുപ്പും സാമൂഹ്യനീതി വകുപ്പും വനിത ശിശു വികസന വകുപ്പും ഏകോപിച്ചാണ് കുട്ടികളുടെ ചികിത്സയും സംരക്ഷണവും ഏറ്റെടുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. കുട്ടികളോടുള്ള അതിക്രമം അറിഞ്ഞിട്ടും അത് മൂടി വയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് തലച്ചോര്‍ പൊട്ടിയ നിലയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേറ്ററുടെ സഹോയത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്നാണ് സൂചന. വടി ഉപയോഗിച്ച് തലയ്ക്കും കണ്ണിനും അടിച്ചെന്ന് കുട്ടിയുടെ സഹോദന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇയാളുടെ ആക്രമണത്തില്‍ മൂന്നര വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. താടിയെല്ലിനും പല്ലിനുമാണ് പരിക്ക്. ഈ കുട്ടിയെ അമ്മൂമ്മയോടൊപ്പം പോകാന്‍ പൊലീസ് അനുവദിച്ചു.
രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്നും മുമ്പും മര്‍ദ്ദിച്ചിട്ടുണ്ടെന്നും അമ്മ പൊലീസിന് മൊഴി നല്‍കി. യുവതിയുടെ ഭര്‍ത്താവ് പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് മരിച്ചത്. അതിന് ശേഷം യുവതിയും കുഞ്ഞുങ്ങളും ഇയാളോടൊപ്പമാണ് കഴിഞ്ഞ് വന്നത്. ഭര്‍ത്താവിന്റെ ബന്ധുകൂടിയാണിയാള്‍. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
യുവതിയേയും കുട്ടികളേയും ഇയാള്‍ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നു. ഇക്കാര്യം സ്‌ക്കൂളില്‍ പറഞ്ഞതിനാണ് ഇയാള്‍ കുട്ടിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് മക്കളെ ചോദ്യം ചെയ്തു. ചെറിയ കുഞ്ഞിനെ ആക്രമക്കുന്നത് കണ്ട മൂത്തക്കുട്ടി നിലവിളിച്ചു. നേരത്തെ കുഞ്ഞിനോട് വൈരാഗ്യം ഉണ്ടായിരുന്ന ആള്‍ അതിക്രൂരമായി കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തടയാന്‍ ചെന്ന യുവതിയുടെ മുഖത്ത് അടിയ്ക്കുകയും ചെയ്തു.
കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ച കുട്ടിയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് ആദ്യം ഇവര്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here