വയനാട്ടിലെ സ്ഥാനാർത്ഥിത്വം വൈകുന്നതിൽ ലീഗിന് ആശങ്കയില്ലെന്ന് കുഞ്ഞാലിക്കുട്ടി

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരുടെ ആവേശത്തെ ഒട്ടും ബാധിക്കില്ലെന്നും ഇക്കാര്യത്തിൽ ലീഗിന് പ്രതിഷേധമോ ആശങ്കയോ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വയനാട്ടിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നത് കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ്. എന്നാൽ ഇക്കാര്യം കോൺഗ്രസ് നേതൃത്വവുമായി സംസാരിച്ചെന്നും അവർ ഉചിതമായ തീരുമാനം തന്നെ എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
Read Also; രാഹുൽ വയനാട്ടിൽ വരാതിരിക്കാൻ ഡൽഹിയിൽ ചിലർ ശ്രമിക്കുന്നു; മുല്ലപ്പള്ളി
മലപ്പുറം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായ കുഞ്ഞാലിക്കുട്ടി നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. മലപ്പുറം മണ്ഡലത്തിൽ തനിക്ക് കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷം വർദ്ധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കൊപ്പം പൊന്നാനി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. രാവിലെ 11 മണിയോടെയാണ് ഇരുവരും മലപ്പുറം കളക്ട്രേറ്റിലെത്തി ജില്ലാ കളക്ടർ അമിത് മീണയ്ക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.ഓരോ സെറ്റ് പത്രിക വീതമാണ് ഇരുവരും സമർപ്പിച്ചത്. ജില്ലാ ലീഗ് വൈസ് പ്രസിഡൻറ് അഷ്‌റഫ് കോക്കൂരാണ് ഇ ടി മുഹമ്മദ് ബഷീറിന്റെ ഡമ്മി സ്ഥാനാർത്ഥി. ജില്ലാ ലീഗ് പ്രസിഡന്റ് യുഎ ലത്തീഫാണ് കുഞ്ഞാലിക്കുട്ടിയുടെ ഡമ്മി സ്ഥാനാർത്ഥി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here