ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന നേതാക്കളുടെ സ്വത്തില്‍ വന്‍ വര്‍ദ്ധനവ്; മുന്‍പില്‍ ഇ ടി മുഹമ്മദ് ബഷീര്‍; കണക്കുകള്‍ പുറത്ത്

ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് അസാധാരണമാം വിധം വര്‍ദ്ധിച്ചതായി കണക്കുകള്‍. 2009-2014 കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വത്ത് വര്‍ദ്ധനവ് കേരളത്തിലെ മുസ്ലീം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീറിന്റേതാണ്. 2081 ശതമാനം വര്‍ദ്ധനവാണ് ഇ ടിയുടെ സ്വത്തിലുണ്ടായത്. ബിജെപി എംപിമാരുടെ ആസ്തി 140 ശതമാനവും കോണ്‍ഗ്രസ് എംപിമാരുടെ സ്വത്ത് 109 ശതമാനവും വര്‍ദ്ധിച്ചു. അതേസമയം, ഇടത് എംപി പി കരുണാകരന്റെയും കോണ്‍ഗ്രസ് എംപി കെ വി തോമസിന്റേയും ആസ്തിയില്‍ കുറവുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റീഫോംസിന്റെ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

മാവേലിക്കരയില്‍ നിന്നുള്ള പാര്‍ലമെന്റംഗം കൊടിക്കുന്നില്‍ സുരേഷിന്റെ ആസ്തിയില്‍ 702 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ആറ്റിങ്ങല്‍ എംപി പി കെ ബിജുവിന്റെ സ്വത്ത് 601 ശതമാനം വര്‍ദ്ധിച്ചു. 307 ശതമാനം സ്വത്ത് വര്‍ദ്ധനവാണ് കോഴിക്കോട് നിന്നുള്ള കോണ്‍ഗ്രസ് എംപി എം കെ രാഘവന് ഉണ്ടായിരിക്കുന്നത്. എം ബി രാജേഷ് 323 ശതമാനം, ആന്റോ ആന്റണി 280 ശതമാനം, കെ സി വേണുഗോപാല്‍ 264 ശതമാനം, എ സമ്പത്ത് 98 ശതമാനം, ശശി തരൂര്‍ എട്ട് ശതമാനം എന്നിങ്ങനെയാണ് സ്വത്തു വര്‍ദ്ധിച്ചത്.

പതിനഞ്ചാം ലോക്‌സഭയില്‍ അംഗങ്ങളായിരുന്ന കേരളത്തില്‍ നിന്നുള്ള രണ്ട് നേതാക്കള്‍ക്ക് പതിനാറാം ലോക്‌സഭയില്‍ എത്തിയപ്പോള്‍ സ്വത്ത് കുറഞ്ഞത് ശ്രദ്ധേയമായി. പി കരുണാകരന് 71 ശതമാനവും കെ വി തോമസിന് 21 ശതമാനവും സ്വത്താണ് കുറഞ്ഞത്. ദേശീയ നേതാക്കളില്‍ സോണിയ ഗാന്ധിയുടെ സ്വത്ത് 573 ശതമാനവും രാഹുല്‍ ഗാന്ധിയുടെ സ്വത്ത് 304 ശതമാനവും എല്‍ കെ അഡ്വാനിയുടെ സ്വത്ത് 114 ശതമാനവും മുരളി മനോഹര്‍ ജോഷിയുടേത് 44 ശതമാനവും വര്‍ദ്ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top