ഹരിയാനയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം കുടുംബത്തിനെതിരെ വധശ്രമത്തിന് കേസ്

ഹോളി ദിവസത്തില്‍ ഹരിയാനയിലെ ഗുരുഗ്രാമില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ മുസ്ലീം കുടുംബത്തിനെതിരെ വധശ്രമത്തിന് കേസ്. കേസിലെ പ്രതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. ഗുരുഗ്രാമിലെ ബോന്ധ്‌സില്‍ താമസിക്കുന്ന മുഹമ്മദ് ദില്‍ഷാദിനും കുടുംബത്തിനുമെതിരെ രാജ്കുമാര്‍ എന്നയാളാണ് പരാതി നല്‍കിയത്.

Read more: ഹരിയാനയിലെ ഗുരുഗ്രാമില്‍ മുസ്ലീം കുടുംബത്തെ ആക്രമിച്ച സംഭവം; ആറ് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ പോകുമ്പോള്‍ ദേഹത്ത് പന്ത് തട്ടിയത് എതിര്‍ത്തുവെന്നും കളിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും രാജ്കുമാര്‍ പരാതിയില്‍ പറയുന്നു. പ്രദേശത്തുണ്ടായിരുന്ന ചിലയാളുകള്‍ ചേര്‍ന്ന് തന്നെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. കേസുണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും രാജ്കുമാര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. കൂടുതല്‍ അക്രമം ഭയന്ന് ഗുരുഗ്രാം വിട്ട് സ്വദേശമായ ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലേക്ക് തിരിച്ചുപോവാന്‍ ശ്രമിക്കുമ്പോഴാണ് കുടുംബത്തിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

മുഹമ്മദ് ദില്‍ഷാദിനെയും കുടുംബത്തേയും ആക്രമിച്ച സംഭവത്തില്‍ ആറു പേരെ പൊലീസ് നേരത്തേ അറസ്റ്റു ചെയ്തിരുന്നു. നാല്‍പതോളം പേരായിരുന്നു കുടുംബത്തെ ആക്രമിച്ചത്. വീട്ടില്‍ അതിഥികളായി എത്തിയവരേയും സംഘം ആക്രമിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top