വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത്

വയനാട്ടിലെ സ്ഥാനാർഥിത്വം വൈകുന്നതിൽ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത്. തീരുമാനം നീണ്ടുപോകരുതെന്നും സ്ഥാനാർത്ഥിത്വം വൈകുന്നത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നും ഹൈക്കമാൻഡിനെ അറിയിച്ചെന്ന് മുസ്ളീം ലീഗ് നേതാക്കൾ വ്യക്തമാക്കി.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിത്വം അനിശ്ചിതമായി വൈകുന്നതിനിടെയാണ് പരസ്യ പ്രതിഷേധവുമായി മുസ്ളീം ലീഗ് രംഗത്ത് വന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ അടിയന്തര നേതൃയോഗം ചേർന്ന മുസ്ളീം ലീഗ് വയനാട് മണ്ഡലത്തിലെ ആശങ്കയും പ്രതിഷേധവും കോണ്ഗ്രസ് ഹൈക്കമാൻഡിനെയും കെപിസിസി നേതൃത്വത്തെയും അറിയിച്ചു.
Read Also : രാഹുൽ വയനാടും പ്രിയങ്ക വാരണാസിയിലും?
നാമനിർദ്ദേശ പത്രിക സമർപ്പണം ആരംഭിച്ചിട്ടും സ്ഥാനാർത്ഥി പ്രഖ്യാപിക്കാനാകാത്തത് മണ്ഡലത്തിലെ വിജയസാധ്യതയെ ബാധിക്കുമെന്നു വിലയിരുത്തൽ.
വയനാട് ജില്ലാ മുസ്ലീം ലീഗ് നേതൃത്വവും സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് തീരുമാനം വേഗം വേണമെന്ന ലീഗിന്റെ വികാരം ഹൈദരലി തങ്ങൾ ഹൈക്കമാൻഡിനെ നേരിട്ട് അറിയിച്ചത്.
ഒരു മണ്ഡലത്തിൽ മാത്രം ഏകപക്ഷീയമായി രാഷ്ട്രീയ ക്യാംപയിൻ നടക്കുന്നത് ലീഗ് മത്സരിക്കുന്ന സമീപ മണ്ഡലങ്ങളെ ബാധിക്കുമെന്ന ആശങ്കയും ലീഗിനുണ്ട്.
രാഹുൽ വരുന്നതിനെ ലീഗ് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അനിശ്ചിതത്വം ഇനിയും നീളുന്നത് അംഗീകരിക്കാൻ ആവില്ലന്നാണ് ലീഗിന്റെ നിലപാട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here