എൻഐഎ ജഡ്ജി ബിജെപിയിൽ ചേർന്നോ ? സത്യം ഇതാണ് [24 Fact Check]

തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അണികളുടെ കൂറുമാറ്റവും തുടങ്ങും. പലപ്പോഴും വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയോ സീറ്റ് നിഷേധിച്ചതിന്റെ പേരിലോ ആയിരിക്കും ഇത്തരം കൂറുമാറ്റങ്ങൾ. ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോഴും സ്ഥിതി മറ്റൊന്നല്ല. നിരവധി കൂറുമാറ്റങ്ങൾക്കാണ് നാം സാക്ഷ്യം വഹിച്ചത്. അതിൽ പ്രധാനമായിരുന്നു കോൺഗ്രസ് വക്താവ് ടോം വടക്കൻ ബിജെപിയിൽ ചേർന്നതും, ശത്രുഖ്‌നൻ സിൻഹ കോൺഗ്രസിലേക്ക് വന്നതും. ഇതിനെല്ലാം പുറമെ സിനിമാ-ക്രിക്കറ്റ് ലോകത്തെ നിരവധി പ്രമുഖർ ബിജെപിയിൽ ചേർന്നുവെന്ന വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കൊണ്ട് താരങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. നിലവിൽ പ്രചരിക്കുന്നത് എൻഐഎ ജഡ്ജി ബിജെപിയിൽ ചേർന്നുവെന്ന വാർത്തയാണ്. എന്നാൽ ഇത് കള്ള പ്രചരണം മാത്രമാണ്.

ട്വിറ്ററിൽ പ്രചരിക്കുന്ന സന്ദേശം ഇങ്ങനെ :

‘ മക്ക മസ്ജിദ് സ്‌ഫോടന കേസിൽ സ്വാമി അസീമാനന്ദിനെ കുറ്റവിമുക്തനാക്കിയ എൻഐഎ ജഡ്ജി രവീന്ദ്ര റെഡ്ഡി ബിജെപിയിൽ ചേർന്നു.’

മാംഗ്ലൂർ വോയ്‌സ് എന്ന ഫേസ്ബുക്ക് പേജാണ് ഇത് സംബന്ധിച്ച വാർത്ത ആദ്യം പുറത്തുവിടുന്നത്. ഇതിനൊപ്പം അമിത് ഷായ്‌ക്കൊപ്പം കാവി ഷോൾ കഴുത്തിലണിഞ്ഞ് നിൽക്കുന്ന ഒരു വ്യക്തിയുടെ ചിത്രവും കാണാം. പോസ്റ്റ് പുറത്തുവിട്ട് മിനിറ്റുകൾക്കകം തന്നെ 1.2k ഷെയറുകളാണ് പോസ്റ്റിന് ലഭിച്ചത്.

എന്നാൽ ചിത്രത്തിൽ അമിത് ഷായ്‌ക്കൊപ്പം നിൽക്കുന്ന വ്യക്തി ജഡ്ജി രവീന്ദ്ര റെഡ്ഡി അല്ല. മറിച്ച് ഇത് മുതിർന്ന കോൺഗ്രസ് നേതാവ് രാം ദയാൽ ഉൽകെയാണ്. ഛത്തീസ്ഗഡിലെ ട്രൈബൽ നേതാവാണ് അദ്ദേഹം. ഒക്ടോബർ 2018 ൽ അദ്ദേഹം ബിജെപിയിൽ ചേർന്നിരുന്നു. അന്നെടുത്ത ചിത്രങ്ങളാണ് ഇത്.

മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ വിധി പറഞ്ഞ് ഏതാനും മണിക്കൂറുകൾക്കകം തന്നെ എൻഐഎ ജഡ്ജി രവീന്ദ്ര റെഡ്ഡി സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നീട് മൂന്ന് ദിവസങ്ങൾക്ക് ശേഷം റെഡ്ഡി തിരിച്ചുവരികയായിരുന്നു.

അതേവർഷം തന്നെ ഒക്ടോബറിൽ തെലങ്കാന ജന സമിതിയിൽ ചേരുകയും ചെയ്തു. ആ സമയത്ത് എൻഡിടിവിക്ക് അബദ്ധം പറ്റി റെഡ്ഡി ബിജെപിയിൽ ചേർന്നുവെന്ന് റിപ്പോർട്ട് ചെയ്തു. അങ്ങനെയാകാം ഈ വാർത്ത പ്രചരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top