കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭർത്താവ് ഭർതൃമാതാവും അറസ്റ്റിൽ

കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ. ഇന്ന് രാവിലെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് 21നാണ് ചന്തുലാലിന്റെ ഭാര്യ തുഷാര (27) ചെങ്കുളം പറണ്ടോട്ടുള്ള ഭർതൃഗൃഹത്തിൽ മരിച്ചത്. സ്ത്രീധനപീഡനത്തിന് യുവതിയുടെ ഭർത്താവ് പറണ്ടോട് ചരുവിളവീട്ടിൽ ചന്തുലാൽ (30), ചന്തുലാലിന്റെ അമ്മ ഗീതാലാൽ (55) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകളാണ് തുഷാര. 21 ന് ഉച്ചയ്ക്ക് ബോധക്ഷയം സംഭവിച്ച തുഷാരയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രിയിൽ വെച്ച് ഡോക്ടർമാർ തുഷാരയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ചന്തുലാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.
ബന്ധുക്കൾ പരാതിപ്പെട്ടതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി. ഏറെനാളായി തുഷാരയ്ക്ക് ആഹാരം ലഭിച്ചിരുന്നില്ലെന്നും പോഷകാഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവിന്റെയും ഭർത്തൃമാതാവിന്റെയും പേരിൽ കേസെടുത്തു. മൃതദേഹപരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തിയിരുന്നു.
2013ലാണ് തുഷാരയുടെയും ചന്തുലാലിന്റെയും വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മൂന്നുമാസമായപ്പോൾമുതൽ രണ്ടുലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന് ചന്തുലാൽ തുഷാരയുടെ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയിരുന്നില്ല. തുടർന്ന് ചന്തുലാലും അമ്മയും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. സ്വന്തം വീട്ടിലേക്ക് പോകാനോ വീട്ടുകാരുമായി ഫോണിലോമറ്റോ ബന്ധപ്പെടാനോ അനുവദിച്ചിരുന്നില്ല. രണ്ടുവർഷത്തിനിടെ രണ്ടുപ്രാവശ്യം മാത്രമാണ് യുവതി വീട്ടുകാരുമായി ബന്ധപ്പെട്ടത്. ബന്ധുക്കൾ എത്തിയാൽ കാണാൻ അനുവദിച്ചിരുന്നില്ല. ബന്ധുക്കൾ വന്നതിന്റെ പേരിൽ ഭർത്താവും മാതാവും ചേർന്ന് ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. പഞ്ചസാരവെള്ളവും അരി കുതിർത്തതും മാത്രമാണ് തുഷാരയ്ക്ക് നൽകിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
സ്ത്രീധനപീഡനം, മാനസികവും ശാരീരികവുമായി പീഡിപ്പിക്കൽ, ഭക്ഷണവും ചികിത്സയും നൽകാതിരിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് ഇരുവരുടെയുംപേരിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്.പി. കെ.ജെ.സൈമന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. ദിനരാജാണ് കേസ് അന്വേഷിച്ചത്. പൂയപ്പള്ളി സി.ഐ. എസ്.ബി.പ്രവീൺ, എസ്.ഐ. ശ്രീകുമാർ, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ. ഷിബു എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here