ദേശാഭിമാനിയിലെ ‘പപ്പു’ പരാമർശം; പി രാജീവ് മാപ്പ് പറയണമെന്ന് വി.ടി ബൽറാം

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ചു കൊണ്ടുള്ള ദേശാഭിമാനി എഡിറ്റോറിയലിനെതിരെ വി.ടി ബൽറാം എംഎൽഎ. ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്. എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി രാജീവാണ് മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് അദ്ദേഹത്തിന്റെയും നിലവാരത്തെയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി രാജീവ് തയ്യാറാകണമെന്നും വി.ടി ബൽറാം ഫെയ്‌സ് ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
വി.ടി ബൽറാം എംഎൽഎ യുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം
സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ ‘മഹാന്മാ’രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാൽ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയിൽ എഡിറ്റോറിയൽ എഴുതാം.
സോഷ്യൽ മീഡിയയിൽ പല രാഷ്ട്രീയ നേതാക്കന്മാർക്കും എതിരാളികൾ പരിഹാസപൂർവ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോൾ കടന്നുവരാറുമുണ്ട്. അതിന്റെ പേരിൽ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാൽ സർക്കാർ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തിൽ കൈപ്പറ്റിയും സർക്കാർ നൽകുന്ന ക്ഷേമപെൻഷനുകൾക്കൊപ്പം നിർബ്ബന്ധപൂർവ്വം സാധാരണക്കാർക്ക് മേൽ അടിച്ചേൽപ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലിൽ ഇങ്ങനെയൊക്കെ എഴുതുമ്പോൾ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.
എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അൽപ്പമെങ്കിലും മാന്യതയുണ്ടെങ്കിൽ ഇക്കാര്യത്തിൽ മാപ്പ് പറയാൻ പി.രാജീവ് തയ്യാറാവണം.
‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക്’ എന്ന തലക്കെട്ടില്‍ ഇന്ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗം വിവാദമായിരുന്നു. ഇതിനു പിന്നാലെ പപ്പു പരാമര്‍ശം അനുചിതമെന്നും ജാഗ്രതക്കുറവ് പരിശോധിക്കുമെന്നും ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി എം മനോജ് വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here