പ്രകടനപത്രിക കാണാന്‍ ജനം ഇടിച്ചുകയറി; കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി

പ്രകടന പത്രിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് വെബ്‌സൈറ്റ് തകരാറിലായി. പ്രകടന പത്രിക കാണാന്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതുകൊണ്ടാണ് സൈറ്റ് തകരാറിലായതെന്നും എത്രയും വേഗം പൂര്‍വസ്ഥിതിയിലാക്കുമെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു.


സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികള്‍ക്കും ഉന്നല്‍ നല്‍കിക്കൊണ്ടാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്. തങ്ങള്‍ അധികാരത്തിലെത്തി ആദ്യ ദിനം തന്നെ റഫാല്‍ കരാറിനെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുമെന്ന് പ്രകടന പത്രികയില്‍ വ്യക്തമാക്കുന്നു. 2020 മാര്‍ച്ചിനു മുമ്പ് സര്‍ക്കാര്‍ സര്‍വീസിലെ 22 ലക്ഷം ഒഴിവുകളില്‍ നിയമനം നടത്തുമെന്നും പ്രകടന പത്രിക പറയുന്നു. തൊഴിലില്ലായ്മയും കര്‍ഷക ദുരിതവും സ്ത്രീ സുരക്ഷയില്ലായ്മയുമാണ് രാജ്യം നേരിടുന്ന പ്രധാനപ്രശ്‌നങ്ങളെന്ന് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Read more:സുരക്ഷിതമായ സമ്പദ് വ്യവസ്ഥയ്ക്കും ക്ഷേമ പദ്ധതികൾക്കും ഉന്നൽ; കോൺഗ്രസ് പ്രകടന പത്രിക പുറത്ത്

അഞ്ചു പ്രധാന കാര്യങ്ങളാണ് പ്രകടന പത്രികയില്‍ ഉള്ളതെന്നും ദരിദ്ര കുടുംബങ്ങള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് തന്നെയാണ് അതില്‍ പ്രധാനമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ന്യായ് പ്രകാരം ദരിദ്രകുടുംബങ്ങള്‍ക്ക് ഒരു വര്‍ഷം 72,000 രൂപ അക്കൗണ്ടില്‍ എത്തുമെന്ന് ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി വിശദീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top