വനിതാ പ്രിസൈഡിങ് ഓഫീസര്‍മാരെ നിയോഗിച്ചത് കള്ളവോട്ടിന് സൗകര്യമൊരുക്കാന്‍; വിവാദ പരാമര്‍ശവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട വനിതാ പ്രിസൈസിങ്ങ് ഓഫീസര്‍മാരെ അപമാനിക്കുന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. വനിതാ പ്രിസൈഡിങ്ങ് ഓഫീസര്‍മാരെ നിയോഗിച്ചത് എല്‍ഡിഎഫിന് കള്ളവോട്ടിന് സൗകര്യമൊരുക്കാനാണെന്ന് ഉണ്ണിത്താന്‍ ആരോപിച്ചു. ഇത് ആണത്തത്തിന് നിരക്കാത്ത നടപടിയാണെന്ന് കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ മുഖാമുഖം പരിപാടിയില്‍ ഉണ്ണിത്താന്‍ ആക്ഷേപിച്ചു.
Read also: വിവാദ പരാമര്‍ശം; വിജയരാഘവന് പാളിച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം
കള്ളവോട്ടിലാണ് സിപിഐഎമ്മിന് വിശ്വാസം. എന്നാല്‍ ജനങ്ങളിലാണ് യുഡിഎഫിനും തനിക്കും വിശ്വാസമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. വികസനം കൊണ്ടുവന്നത് യുഡിഎഫാണ്. എന്നാല്‍ ഇതെല്ലാം ഉദ്ഘാടനം ചെയ്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണ് എല്‍ഡിഎഫ്. കാഞ്ഞങ്ങാട് കാസര്‍ഗോഡ് കെഎസ്ടിപി റോഡ് അടക്കം ഇതിന് ഉദാഹരണമാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
ഉക്കിനടുക്കയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച മെഡിക്കല്‍ കോളജിന്റെ നിര്‍മാണം കര്‍ണാടക ലോബിക്കു വേണ്ടി അട്ടിമറിക്കുകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍. വിജയിച്ചാല്‍ ജില്ലയില്‍ എയിംസ് അനുവദിക്കാന്‍ മുന്‍കൈയെടുക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാക്കുന്നതില്‍ എംപിയും സംസ്ഥാന സര്‍ക്കാരും പരാജയപ്പെട്ടു. തലശ്ശേരി-മൈസൂരു പാതയ്ക്കാണു സിപിഐഎം കണ്ണൂര്‍ ലോബി ശ്രമിക്കുന്നതെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here