വിവാദ പരാമര്‍ശം; വിജയരാഘവന് പാളിച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

എ വിജയരാഘവന്റെ വിവാദ പ്രസ്താവനയില്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനം. വിജയരാഘവന് പാളിച്ചപറ്റിയെന്നും പക്വത കാണിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. വിജയരാഘവന്‍ മാത്രമല്ല, നേതാക്കള്‍ പൊതുവേ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നു. പ്രസംഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശവും സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവെച്ചു. അതേസമയം, സംഭവത്തില്‍ വിജയരാഘവന്‍ മാപ്പുപറയണോ, ഖേദം പ്രകടിപ്പിക്കണോ എന്ന കാര്യത്തില്‍ സെക്രട്ടറിയേറ്റ് തീരുമാനം വ്യക്തമാക്കിയില്ല.

Read more: എ വിജയരാഘവന്റെ വിവാദ പരാമര്‍ശം; തിരൂര്‍ ഡിവൈഎസ്പി അന്വേഷിക്കും

വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ പ്രചാരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൊണ്ടുവരുന്ന കാര്യത്തിലും സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനമെടുത്തു. നേരത്തേ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രാചാരണ പരിപാടികളില്‍ സീതാറാം യെച്ചൂരിയെ വയനാട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ സീതാറാം യെച്ചൂരിയെ വയനാട്ടില്‍ കൊണ്ടുവരണമെന്ന അഭിപ്രായം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നു. ഇത് നേതാക്കള്‍ ഒന്നടങ്കം അംഗീകരിക്കുകയായിരുന്നു. അതേസമയം, യെച്ചൂരി എന്ന് വരുമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എ വിജയരാഘവന്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുത്തു.

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കഴിഞ്ഞ ദിവസം പൊന്നാനിയില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ രമ്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയില്‍ തൃശൂര്‍ റേഞ്ച് ഐജി അന്വേഷണത്തിന് ഉത്തരവിട്ടു. വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top