Advertisement

സൂപ്പർ കപ്പിൽ ഇന്ന് സൂപ്പർ പോരാട്ടം; ഏറ്റുമുട്ടുന്നത് ചാമ്പ്യന്മാർ

April 4, 2019
Google News 1 minute Read

ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ചാമ്പ്യന്മാരുടെ പോരാട്ടം. ഐലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്സിയും ഐഎസ്എൽ ചാമ്പ്യന്മാരായ ബെംഗളുരു എഫ്സിയും തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുക. സൂപ്പർ കപ്പിലെ ആദ്യ ക്വാർട്ടർ ഫൈനലാണിത്. ഇന്ന് രാത്രി 8.30ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം.

പ്രഥമ സൂപ്പർ കപ്പിലെ ചാമ്പ്യന്മാരായ ബെംഗളുരു എഫ്സിയും ചെന്നൈ സിറ്റി എഫ്സിയും തമ്മിലുള്ള പോരാട്ടം തീപാറുമെന്നാണ് കരുതപ്പെടുന്നത്. ഐ-ലീഗിൽ വ്യക്തമായ മേധാവിത്വത്തോടെ ചാമ്പ്യൻ പട്ടം ചൂടിയ ചെന്നൈ സിറ്റി ശക്തരായ ടീമാണ്. എഫ്സി പൂനെ സിറ്റിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്താണ് ഐ-ലീഗ് ചാമ്പ്യന്മാർ ക്വാർട്ടർ ഫൈനലിൽ കടന്നത്. 21 ഗോളുകൾ നേടി ഐ-ലീഗിലെ ടോപ്പ് സ്കോറർ പട്ടം ചർച്ചിൽ ബ്രദേഴ്സിൻ്റെ വില്ലിസ് പ്ലാസയോടൊപ്പം പങ്കിട്ട പെഡ്രോ മാൻസിയുടെ ഹാട്രിക്കിലായിരുന്നു ചെന്നൈയുടെ വിജയം. 18 കളികളിൽ നിന്നായിരുന്നു പെഡ്രോ മാൻസിയുടെ 21 ഗോൾ നേട്ടം. ബെംഗളുരു പ്രതിരോധത്തിന് ഏറെ തലവേദന ഉയർത്തുക 30കാരനായ ഈ സ്പാനിഷ് സ്ട്രൈക്കറാവും.

മറുവശത്ത് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടു പോയ കഴിഞ്ഞ ഐഎസ്എൽ ചാമ്പ്യൻ പട്ടം ഇത്തവണ സ്വന്തമാക്കിയതിൻ്റെ ആവേശത്തിലാണ് ബെംഗളുരു. പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്സിയോട് പരാജയപ്പെട്ടതു കൊണ്ട് തന്നെ ഈ പോരാട്ടം ലഘുവായി കാണാൻ ബെംഗളുരുവിന് കഴിയില്ല. എഐഎഫ്എഫഫുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ചില ഐലീഗ് ക്ലബുകൾ സൂപ്പർ കപ്പ് ബഹിഷ്കരിച്ചതു കൊണ്ട് തന്നെ മോഹൻ ബഗാനുമായുള്ള പ്രീ ക്വാർട്ടർ മത്സരം വാക്കോവറിലാണ് ബെംഗളുരു ജയിച്ചത്. മിക്കു, ഛേത്രി, ഉദാന്ത സിംഗ് എന്നിവരടങ്ങിയ മുന്നേറ്റവും ഗുർപ്രീത് സിംഗ് എന്ന ഇന്ത്യൻ ഗോൾ കീപ്പറുടെ അസാമാന്യ പ്രകടനങ്ങളുമാണ് ബെംഗളുരുവിൻ്റെ കരുത്ത്. രാഹുൽ ഭെക്കെ, നിഷു കുമാർ തുടങ്ങിയവർ ഉൾപ്പെടുന്ന പ്രതിരോധ നിരയും എറിക് പാർതലു, ഡിമാസ് ഡെൽഗാഡോ, കീൻ ലൂയിസ് തുടങ്ങിയവർ ഉൾപ്പെടുന്ന മധ്യനിരയും ശക്തമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here