മോദിയെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്ത രാജസ്ഥാന്‍ ഗവര്‍ണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രപതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന പ്രസ്താവന നടത്തിയ രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിനെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. കല്യാണ്‍ സിങിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിയെ സമീപിച്ചിരുന്നു. കല്യാണ്‍ സിങ് രാജി വെച്ചേക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാജ്യത്തിന് ആവശ്യമുണ്ടെന്നും അദ്ദേഹം വീണ്ടും തെരഞ്ഞെടുക്കപ്പെടണം എന്നുമായിരുന്നു രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങിന്റെ പ്രതികരണം. ഇതിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. കമ്മീഷന്റെ പരിശോധനയില്‍ കല്യാണ്‍ സിങ് പെരുമാറ്റ ചട്ട ലംഘനം നടത്തിയെന്ന് കണ്ടെത്തി. ഭരണഘടന പദവിയിലിരിക്കുന്ന ഒരാള്‍ നടത്തിയ പ്രസ്താവ ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കമ്മീഷന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സിങിനെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്.

ഭരണഘടന പദവിയിലിരിക്കുന്ന ആളെന്ന നിലയില്‍ രാഷ്ട്രപതി കല്യാണ്‍ സിങിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രപതിയെ കാണാന്‍ അനുവാദം ചോദിച്ചിരിക്കുകയാണ്. വിഷയത്തില്‍ രാഷ്ടപതിയുടെയും കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്റെ ഇടപെടലുണ്ടായതോടെ കല്യാണ്‍ സിങ് രാജിവെച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top