ആവേശക്കടലായി വയനാട്; രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

വയനാട്ടില്‍ മത്സരിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധിക്കും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുമൊപ്പമെത്തിയാണ് രാഹുല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.


ഹെലികോപ്റ്ററില്‍ വയനാട്ടില്‍ എത്തിയ രാഹുല്‍ തുറന്ന വാഹനത്തിലാണ് കളക്ടറേറ്റിലേക്ക് പുറപ്പെട്ടത്. പ്രിയങ്കയും രാഹുലിനൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം റോഡ് ഷോയുമായി കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ രാഹുല്‍ ഗാന്ധിയെത്തും. തുടര്‍ന്ന് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം ഉച്ചയോടെ നാഗ്പൂരിലേക്ക് തിരിച്ചുപോകുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയെ കാണാന്‍ വന്‍ ജനത്തിരക്കാണ് വയനാട്ടില്‍ അനുഭവപ്പെടുന്നത്. രാഹുല്‍ ഗാന്ധി എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശത്തിലാണ്.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി ഇന്നലെയാണ് രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധിക്കൊപ്പം കേരളത്തില്‍ എത്തിയത്. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് ഇരുവരും കോഴിക്കോട് വിമാനമിറങ്ങിയത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ഇരുവരെയും സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കെ സി വേണുഗോപാലും മുകുള്‍ വാസ്‌നികും അടക്കമുള്ള നേതാക്കളും രാഹുലിനെയും പ്രിയങ്കയെയും സ്വീകരിക്കാനുണ്ടായിരുന്നു.

വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് പോയ രാഹുല്‍ രാത്രി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. അസമിലെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടികള്‍ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് എത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top