ഇന്ത്യയെ കാല്പന്ത് കളി പഠിപ്പിക്കാൻ പ്രമുഖരുടെ നിര; അപേക്ഷ സമർപ്പിച്ചവർ ഫ്രാൻസിനെ ലോകകപ്പ് ഫൈനലിലെത്തിച്ച കോച്ചും

സ്റ്റീഫൻ കോൺസ്റ്റൻ്റൈൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ ഫുട്ബോൾ ദേശീയ ടീം പരിശീലകനാവാൻ പ്രമുഖരുടെ നിര. 2006 ലോകകപ്പിൽ ഫ്രാൻസിനെ ലോകകപ്പ് ഫൈനൽ വരെയെത്തിച്ച റെയ്മണ്ട് ഡോമിനിക്കാണ് അപേക്ഷ സമർപ്പിച്ചവരിൽ ഏറ്റവും പുതിയ ആൾ. സിദാൻ-മറ്റരാസി കയ്യാങ്കളി കൊണ്ട് കുപ്രസിദ്ധമായ ആ മത്സരത്തിൽ ഇറ്റലിയോട് പെനൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ട് ഫ്രാൻസ് പരാജയപ്പെടുകയായിരുന്നു.
തുടർന്ന് 2010 ലോകകപ്പിലും ഫ്രാൻസ് പരിശീലകനായിരുന്ന റെയ്മണ്ടും ടീമിലെ കളിക്കാരുമായി അസ്വാരസ്യമുണ്ടാവുകയും അത് കളിക്കളത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ആ ലോകകപ്പിൽ ഒരു ജയം പോലും നേടാനാവാതെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ഫ്രാൻസ് പുറത്താവുകയായിരുന്നു. ഫ്രഞ്ച് ക്ലബായ ഒളിമ്പിക് ലിയോനിൻ്റെ പരിശീലക വേഷവും റെയ്മണ്ട് അണിഞ്ഞിട്ടുണ്ട്.
ബിഗ് സാം എന്നറിയപ്പെടുന്ന ഇംഗ്ലീഷ് ഫുട്ബോൾ കോച്ച് സാം അലാർഡൈസ്, സ്വീഡിഷ് പരിശീലകൻ സ്വെൻ ഗൊറാൻ എറിക്സൺ, ഇറ്റാലിയൻ പരിശീലകരായ ആൽബർട്ടോ സക്കറൂണി, മസിമിലിയാനോ അല്ലെഗ്രി എന്നിവരും ഇന്ത്യൻ പരിശീലകനാവാനുള്ള അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇവരിൽ ആരാവും ഇന്ത്യൻ ടീമിൻ്റെ അടുത്ത പരിശീലകനെന്ന് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.
2002-2005 കാലഘട്ടത്തിൽ ഇന്ത്യയെ പരിശീലിപ്പിച്ച കോൺസ്റ്റൻ്റൈൻ 2015ൽ വീണ്ടും ഇന്ത്യയിലേക്ക് മടങ്ങിയെത്തി. ഫിഫ റാങ്കിങ്ങിൽ 173ആം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയെ 97ആം റാങ്കിലെത്തിച്ചാണ് അദ്ദേഹം ഇക്കൊല്ലം പടിയിറങ്ങിയത്. കോൺസ്റ്റൻ്റൈനു കീഴിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ഇന്ത്യ സാഫ് കപ്പ്, ഇൻ്റർ കോണ്ടിനെൻ്റൽ കപ്പ് എന്നിവ വിജയിക്കുകയും 2019 ഏഷ്യാ കപ്പിന് യോഗ്യത നേടുകയും ചെയ്തിരുന്നു. ഏഷ്യാ കപ്പിൽ തായ്ലൻഡിനെതിരെ ആദ്യ മത്സരം ജയിച്ചു തുടങ്ങിയ ഇന്ത്യ തുടർന്നുള്ള കളികളിൽ പരാജയപ്പെട്ട് ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഇന്ത്യ ഏഷ്യാ കപ്പിൽ പുറത്തായി. ഇന്ത്യയുടെ പുറത്താകലാണ് കോൺസ്റ്റൻ്റൈൻ്റെ രാജിയിൽ കലാശിച്ചത്.
റാങ്കിങ് മെച്ചപ്പെടുത്തിയെങ്കിലും കോൺസ്റ്റൻ്റൈൻ്റെ ലോങ് ബോൾ ടാക്ടിക്സ് പരക്കെ വിമർശനം ഏറ്റു വാങ്ങിയിരുന്നു. അർഹതയുള്ള പല കളിക്കാരെയും തഴഞ്ഞാണ് കോൺസ്റ്റൻ്റൈൻ ടീം തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.