അമ്പോ ഓന്ത്; ധോണി പുറത്തായപ്പോൾ ചെന്നൈ ജേഴ്സി ഊരി മുംബൈ ജേഴ്സി അണിഞ്ഞ് ഒരു ആരാധകൻ: വീഡിയോ കാണാം

ഐപിഎൽ മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും കൗതുകമുണർത്തുന്ന ഓരോരോ വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. ആ പട്ടികയിലേക്കാണ് കൗതുകവും ചിരിയുമുണർത്തുന്ന ഒരു വാർത്ത. മുംബൈക്കെതിരെ നടന്ന മത്സരത്തിൽ ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി പുറത്തായപ്പോൾ അണിഞ്ഞിരുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ജേഴ്സി അഴിച്ച് മുംബൈ ഇന്ത്യൻസ് ജേഴ്സിയിലേക്ക് മാറുന്ന ഒരു ആരാധകനാണ് ചിരിയുണർത്തുന്നത്. സംഭവത്തിൻ്റെ വീഡിയോ വൈറലാവുകയാണ്.

ഇന്നലെ മുംബൈ ഇന്ത്യൻസ് ഹോം ഗ്രൗണ്ടായ വാംഖഡെയിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. 20 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. അതു വരെ ചെന്നൈ സൂപ്പർ കിംഗ്സ് ജേഴ്സി അണിഞ്ഞിരുന്ന ആരാധകൻ എംഎസ് ധോണി പുറത്താകുന്നത് കാണുന്നതോടെ ആ ജേഴ്സി ഊരുന്നതാണ് വീഡിയോയിലുള്ളത്. ആ ജേഴ്സിക്കടിയിലാണ് അയാൾ മുംബൈ ഇന്ത്യൻസ് ജേഴ്സി അണിഞ്ഞിരുന്നത്. മുംബൈ ഫാനായി പരിവർത്തനം ചെയ്യപ്പെട്ടതോടെ പിന്നിൽ നിൽക്കുന്ന മുംബൈ ആരാധകർ ഇയാൾക്ക് ഹസ്തദാനം നൽകുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ വർഷവും സമാനമായ ചില സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇത് മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന വാദവും ഉയരുന്നുണ്ട്.

മത്സരത്തിൽ ചെന്നൈയെ മുംബൈ 37 റൺസിന് പരാജയെപ്പെടുത്തിയിരുന്നു. ഈ സീസണിൽ ചെന്നൈയുടെ ആദ്യ പരാജയമായിരുന്നു അത്. അർദ്ധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവും 42 റൺസെടുത്ത കൃണാൽ പാണ്ഡ്യയും ചേർന്നാണ് തുടക്കത്തിൽ തകർച്ച നേരിട്ട മുംബൈ ഇന്നിംഗ്സിനെ താങ്ങി നിർത്തിയത്. സ്ലോഗ് ഓവറുകളിൽ തകർത്തടിച്ച ഹർദ്ദിക് പാണ്ഡ്യയും പൊള്ളാർഡും ചേർന്നാണ് മുംബൈക്ക് മികച്ച സ്കോർ സമ്മാനിച്ചത്. മറൂപടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് വേണ്ടി അർദ്ധ സെഞ്ചുറി നേടിയ കേദാർ ജാദവ് മാത്രമാണ് തിളങ്ങിയത്. ക്യാപ്റ്റൻ എംഎസ് ധോണി 12 റൺസെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ലസിത് മലിംഗയും ഹർദ്ദിക് പാണ്ഡ്യയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേസൻ ബഹൻഡറോഫും ചേർന്നാണ് ചെന്നൈ ബാറ്റിംഗ് നിരയെ തകർത്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top