എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി പി സി തോമസ് ചട്ട ലംഘനം നടത്തിയെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പോസ്റ്ററുകളിലും പ്രചാരണ ബോര്‍ഡുകളിലും പബ്ലീഷറുടെ പേരും കോപ്പികളുടെ എണ്ണവും രേഖപ്പെടുത്തിയില്ലെന്നാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിനും ഏറെ മുമ്പ് തന്നെ മണ്ഡലത്തിലുടനീളം പി.സി തോമസിന്റെ പോസ്റ്ററുകള്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പ് ചട്ടം നൂറ്റി ഇരുപത്തിയേഴ് എ പ്രകാരം, പ്രചാരണ സാമഗ്രികളില്‍ രേഖപ്പെടുത്തേണ്ട പ്രധാന വിവരങ്ങളാണ് ഈ പോസ്റ്ററുകളില്‍ ഇല്ലാത്തത്. പബ്ലിഷര്‍ ആരെന്നും എത്ര കോപ്പികള്‍ അച്ചടിച്ചുവെന്നും ഇവയില്‍ വ്യക്തമാക്കേണ്ടതുണ്ട്. എന്നാല്‍ ചിത്രവും വോട്ടഭ്യര്‍ത്ഥനയുമല്ലാതെ ഇത്തരം വിവരങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്.

ജില്ലാ വരണാധികാരിക്കും ജില്ലാ പോലീസ് മേധാവിക്കും യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടുണ്ട്. മതത്തെ ഉപയോഗിച്ച് ചട്ടവിരുദ്ധമായി പ്രചാരണം നടത്തിയതിന് മുമ്പ് പി.സി തോമസ് അയോഗ്യനാക്കപ്പെട്ടിട്ടുള്ളതാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top