മുസ്ലീം ലീഗിനെതിരായ യോദി ആദിത്യനാഥിന്റെ പരാമര്‍ശം; കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് എം എ ബേബി

മുസ്ലീം ലീഗിനെ കുറിച്ചുള്ള യോഗി ആദിത്യനാഥിന്റെ വിമര്‍ശനം കാന്‍സര്‍ ജലദോഷത്തെ കുറ്റം പറയുന്നത് പോലെയെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആദിത്യനാഥിന്റെ വിമര്‍ശനം പൂര്‍ണമായും തള്ളികളയുന്നു. ആര്‍ എസ് എസ് ഇന്ത്യയെ ഹിന്ദു പാക്കിസ്ഥാനായി മാറ്റുകയാണ്. പക്ഷേ ജവഹര്‍ലാല്‍ നെഹ്‌റു ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച മുസ്ലീം ലീഗിനെ ആശ്രയിക്കേണ്ടി വന്നത് രാഹുലിന്റെ ഗതികേടെന്നും എം എ ബേബി മലപ്പുറം പൊന്മളയില്‍ പറഞ്ഞു.
മുസ്ലിം ലീഗ് ഒരു വൈറസാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച ഈ വൈറസ് രാജ്യമാകെ വ്യാപിക്കുമെന്നുമായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് ട്വിറ്ററിലാണ് വ്യക്തമാക്കിയത്.
Read more:മുസ്ലീം ലീഗ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബാധിച്ച വൈറസ്; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ്
1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്‌ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലീം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലീം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നത്. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണ്. മുസ്ലീം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു. ശ്രദ്ധയോടെയിരിക്കണമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
പരസ്പരം പഴി ചാരിയും ആഞ്ഞടിച്ചും കളം നിറഞ്ഞ് നേതാക്കള്‍. നേതാക്കളുടെ പ്രതികരണങ്ങളും അഭിപ്രായങ്ങളും അടങ്ങുന്ന പുതിയ തെരഞ്ഞെടുപ്പ് പംക്തി- തെരഞ്ഞെടുപ്പ് വാക്ക്‌പോര്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here