അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാരിന്റെ ആള്‍; രൂക്ഷ വിമര്‍ശനവുമായി എം എം മണി

കേരളത്തിലെ ്രപളയം സംബന്ധിച്ച് അന്വേഷണം നടത്തിയ അമിക്കസ് ക്യൂറിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം എം മണി. അമിക്കസ് ക്യൂറി യുപിഎ സര്‍ക്കാരിന്റെ ആളാണെന്നും രാഷ്ട്രീയം കളിച്ചുവെന്നും മണി പറഞ്ഞു. തെറ്റായ റിപ്പോര്‍ട്ട് നല്‍കി അമിക്കസ് ക്യൂറി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും എം എം മണി പറഞ്ഞു.

കേരളത്തില്‍ പ്രളയകാലത്ത് ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഡാമുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

Read more: ‘നിങ്ങളോട് പറയണോ വേണ്ടയോ എന്ന് എനിക്ക് തോന്നണം, വീട്ടില്‍ കയറി ശല്യം ചെയ്യരുത്’ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് എം എം മണി

കനത്തമഴ മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറി വിമര്‍ശിച്ചിരുന്നു. ദേശീയ കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ കാര്യമായി എടുത്തില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കം. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് എം എം മണി ക്ഷോഭിച്ചത് വാര്‍ത്തയായിരുന്നു. തനിക്ക് പ്രതികരിക്കണമെങ്കില്‍ തോന്നണമെന്നും വീട്ടില്‍ വന്ന് ശല്യം ചെയ്യരുതെന്നും മണി പറഞ്ഞിരുന്നു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഡാം മാനേജ്‌മെന്റിലെ പിഴവ് എന്ന് ചൂണ്ടിക്കാട്ടിയുള്ള അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് മാധ്യമ പ്രചരണയെന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത് സംബന്ധിച്ച കാര്യത്തില്‍ സര്‍ക്കാര്‍ ഇതിനു മുന്‍പ് വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ചിലര്‍ ഉന്നയിച്ച ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ വിഷയത്തിന്മേല്‍ വീണ്ടും വിശദീകരണം നല്‍കുന്നതെന്നും മുഖ്യമന്ത്രി ഇന്നലെ കൊല്ലത്ത് പറഞ്ഞിരുന്നു.

പ്രളയകാലത്ത് ഡാമുകള്‍ തുറന്നത് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പതിനഞ്ചോളം ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top