‘നിങ്ങളോട് പറയണോ വേണ്ടയോ എന്ന് എനിക്ക് തോന്നണം, വീട്ടില്‍ കയറി ശല്യം ചെയ്യരുത്’ മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച് എം എം മണി

പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ ഗുരുതരമായ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് വൈദ്യുതി മന്ത്രി എം എം മണി. ഡാം തുറന്നതുമായി ബന്ധപ്പെട്ട് നിങ്ങളോട് ഒന്നും പറയാനില്ലെന്നും ഇവിടെ നിന്നും പോകണമെന്നും മണി പറഞ്ഞു.

പ്രതികരണത്തിന് മാധ്യമപ്രവര്‍ത്തകര്‍ അവിടെ തുടര്‍ന്നപ്പോള്‍ പോകാന്‍ പറഞ്ഞാല്‍ പോകണമെന്നും താന്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞാല്‍ പിന്നെ നിങ്ങളെന്തിനാ തന്നെബുദ്ധിമുട്ടിക്കുന്നതെന്നും മണി ചോദിച്ചു. നിങ്ങളോട് പറയണോ വേണ്ടയോ എന്ന് തനിക്ക് തോന്നണമന്നും വീട്ടില്‍ കയറി ശല്യം ചെയ്യരുതെന്നും മന്ത്രി മണി പറഞ്ഞു.

Read more:പ്രളയകാലത്ത് ഡാമുകള്‍ തുറക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ച പറ്റി; ഗുരുതര വിമര്‍ശനവുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഡാമുകള്‍ തുറന്നുവിട്ടതില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി ജേക്കബ് പി അലക്‌സ് ഇന്നാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡാമുകള്‍ തുറക്കുന്നതില്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഡാം മാനേജ്‌മെന്റില്‍ സര്‍ക്കാരിന് പാളിച്ച പറ്റിയെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

49 പേജുകളുള്ള വിശദ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. കനത്തമഴ മുന്‍കൂട്ടി അറിയാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് അമിക്കസ് ക്യൂറി വിമര്‍ശിക്കുന്നു. ദേശീയ കാലാവസ്ഥ മുന്നറിയിപ്പ് സര്‍ക്കാര്‍ കാര്യമായി എടുത്തില്ല. ഇക്കാര്യങ്ങള്‍ പരിശോധിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമുകള്‍ ഒരുമിച്ച് തുറന്നുവിട്ടതിന് പിന്നിലെ കാരണം കണ്ടെത്തുന്നതിന് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Loading...
Top