എഐഎഫ്എഫും റിലയൻസും വേട്ടയാടുന്നു; മിനർവ പഞ്ചാബ് അടച്ചു പൂട്ടുകയാണെന്ന് ഉടമ

കഴിഞ്ഞ വർഷത്തെ ഐലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് അടച്ചു പൂട്ടുകയാണെന്ന് ക്ലബ് ഉടമ രഞ്ജിത് ബജാജ്. ഇന്ത്യൻ ഫുട്ബോളിലെ അനീതികൾക്ക് എതിരെ പോരാടുന്നതിന് എഐഎഫ്എഫ് തങ്ങളെ വേട്ടയാടുന്നു എന്ന കാരണത്താലാണ് ക്ലബ് അടച്ചു പൂട്ടുന്നതെന്ന് രഞ്ജിത് ബജാജ് പറഞ്ഞു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.


നേരത്തെ ഐലീഗ് ക്ലബുകളോട് എഐഎഫ്എഫ് സ്വീകരിക്കുന്ന ഇരട്ടത്താപ്പിനെതിരെ സമരം ചെയ്ത ക്ലബുകളിൽ മുൻ നിരയിൽ നിന്നത് മിനർവ പഞ്ചാബ് ആയിരുന്നു. ഐഎസ്എലിൻ്റെ വരവോടെ ഐലീഗിനെ ഇല്ലാതാക്കാൻ ഫുട്ബോൾ ഫെഡറേഷൻ ശ്രമിക്കുന്നു എന്ന ആരോപണവും നേരത്തെ രഞ്ജിത് ബജാജ് ഉയർത്തിയിരുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ എഐഎഫ്എഫും റിലയൻസും ചേർന്ന് തങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്നാണ് അദ്ദേഹത്തിൻ്റെ പരാതി.


എഎഫ്സി കപ്പിൽ മിനർവ പഞ്ചാബ് ഹോം ഗ്രൗണ്ടായി തീരുമാനിച്ചിരുന്നത് ഒഡീഷയിലെ കലിംഗ സ്റ്റേഡിയമായിരുന്നു. അതിന് അനുമതി ലഭിച്ചതുമായിരുന്നു. എന്നാൽ ആ അനുമതി ഇപ്പോൾ ഒഡീഷ ഗവൺമെന്റ് നിഷേധിച്ചു. ഒപ്പം ഇനി അനുമതി തരേണ്ടത് എഐഎഫ്എഫ് ആണെന്ന് പറയുകയും ചെയ്തു. ഇത് എഐഎഫ്എഫ് മനപൂർവ്വം ചെയ്തതാണെന്നാണ് രഞ്ജിത് ബജാജ് ആരോപിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ ഗ്രൗണ്ട് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ മിനർവയെ എഎഫ്സി കപ്പിൽ നിന്ന് വിലക്കും. ഇത് ക്ലബിനെ വൻ പ്രതിസന്ധിയിൽ എത്തിക്കും. ഇതോടെയാണ് ക്ലബ് അടച്ചു പൂട്ടാൻ രഞ്ജിത് തീരുമാനിച്ചത്.


അതേ സമയം, പുൽവാമ ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ റിയൽ കാശ്മീരിനെതിരെ നടക്കേണ്ടിയിരുന്ന ഐലീഗ് മത്സരം മിനർവ ബഹിഷ്കരിച്ചത് വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഐ ലീഗിന് പുറമെ അണ്ടർ 14, അണ്ടർ 15, അണ്ടർ 18 ലീഗ് കിരീടങ്ങളും സ്വന്തമാക്കിയ ടീമാണ് മിനേർവ പഞ്ചാബ്. എഐഎഫ്എഫ് പൂട്ടിച്ച ഒരുപാട് ക്ലബുകളിൽ ഒന്നായി തങ്ങളും മാറുകയാണെന്ന് രഞ്ജിത്ത് പറഞ്ഞു. ഇന്ത്യക്ക് ഒരുപാട് യുവപ്രതിഭകളെ സംഭാവന ചെയ്ത മിനർവ അടച്ചു പൂട്ടുന്നത് ഇന്ത്യൻ ഫുട്ബോളിനു തന്നെ ക്ഷീണമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top