രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം കേരളത്തിന്റെ സൗഭാഗ്യമെന്ന് രമേശ് ചെന്നിത്തല

രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം കേരളത്തിൻ്റെ സൗഭാഗ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയെ താഴെയിറക്കാൻ രാഹുലിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വയനാട് ലോക്സഭാ മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുക്കത്ത് ഉദ്ഘാടം ചെയ്യുന്നതിനിടെയായിരുന്നു ചെന്നിത്തലയുടെ പരാമർശം.
“തെക്കേ ഇന്ത്യയും വടക്കേ ഇന്ത്യയും എന്ന് വേർതിരിച്ച് ഇന്ത്യയെ മോദി വിഭജിച്ചു. മോദിയെ താഴെയിറക്കാൻ രാഹുലിന് മാത്രമേ സാധിക്കൂ. കോൺഗ്രസ്സ് മാനിഫെസ്റ്റോയിൽ ദാരിദ്ര്യനിർമ്മാർജ്ജനത്തിനാണ് മുൻഗണന കൊടുത്തിരിക്കുന്നത്. ഇന്ത്യക്ക് പ്രത്യാശ നൽകുന്ന മാനിഫെസ്റ്റോ ആണ് കോൺഗ്രസ്സ് അവതരിപ്പിച്ചത്.”- അദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്ക് വിറളി പിടിച്ചതു കൊണ്ടാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ മാന്യത കൊണ്ടാണ് നിങ്ങൾക്ക് എതിരെ പറയാത്തത്. അല്ലാതെ നിങ്ങളെ പേടിച്ചിട്ടല്ല. രാഹുൽ ഗാന്ധി മറുപടി പറഞ്ഞില്ലെങ്കിലും തങ്ങൾ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു. സീതാറാം യെച്ചൂരിയോട് പോലും നീതി കാണിക്കാത്ത പ്രസ്ഥാനമാണ് സിപിഎം എന്നാരോപിച്ച അദ്ദേഹം എന്തിനാണ് സിപിഎം തങ്ങളെ ഇത്ര പേടിക്കുന്നതെന്നും ചോദിച്ചു.
“മതേതര ജനാധിപത്യ മുന്നണിയെ തകർത്തത് കേരളത്തിലെ സിപിഎമ്മാണ്. കേരളത്തിൽ സിപിഎം കോൺഗ്രസ്സിൻ്റെ ശത്രു തന്നെയാണ്. സിപിഎമ്മിനെ കോൺഗ്രസ്സ് നിലം പരിശാക്കും. കേന്ദ്ര സർക്കാരിനെപ്പോലെ സംസ്ഥാന സർക്കാരും ജനവിരുദ്ധമാണ്.”- തൻ്റെ പ്രസംഗത്തിൽ അദ്ദേഹം ആരോപിച്ചു.
കേരളാ പ്രളയത്തെപ്പറ്റി അമിക്കസ് ക്യൂരി തയ്യാരാക്കിയ റിപ്പോർട്ടിനെതിരെ കൊടിയേരി നടത്തിയ പ്രസ്താവനയെയും ചെന്നിത്തല വിമർശിച്ചു. കൊടിയേരി നടത്തിയ പ്രസ്താവന നിർഭാഗ്യകരമാണെന്ന് പറഞ്ഞ അദ്ദേഹം പ്രസ്താവന നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും കൂട്ടിച്ചേർത്തു. ഡാമുകൾ മുൻകരുതൽ ഇല്ലാതെ കൈകാര്യം ചെയ്തതാണ് പ്രളയത്തിനു കാരനം. കേന്ദ്ര ജല കമ്മീഷനും ഇതിൽ പ്രതിയാണ്. നേരത്തെ ആവശ്യപ്പെട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ജല കമ്മീഷൻ അനുമതി നൽകാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഡാം തുറക്കുമ്പോൾ മുന്നറിയിപ്പ് നൽകാതിരുന്നത് ഗുരുതര വീഴ്ചയാണ്. പിണറായി സർക്കാരിൻ്റെ കഴിവില്ലായ്മ കൊണ്ടും അശ്രദ്ധ കൊണ്ടുമാണ് പ്രളയം ഉണ്ടായത്. മുഖ്യമന്ത്രിയുടെ പേരിലും വൈദ്യുതി മന്ത്രിയുടെ പേരിലും കൊലക്കുറ്റത്തിന് കേസ് എടുക്കണം.” അദ്ദേഹം പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നതു വരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പ്രസ്താവിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here