എംകെ രാഘവനെതിരായ കോഴ ആരോപണം; ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചേക്കും

കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെതിരായ കോഴ ആരോപണത്തിൽ ജില്ലാ കളക്ടർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കാണ് റിപ്പോർട്ട് സമർപ്പിക്കുക. രാഘവൻ എംപിക്കെതിരായ കോഴ ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടർ സാംബശിവ റാവുവിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
പ്രാഥമിക പരിശോധന നടത്തിയ കളക്ടർ ആരോപണം സംബന്ധിച്ച റിപ്പോർട്ട് ഇന്ന് സമർപ്പിക്കാനാണ് സാധ്യത. ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ ഫോറൻസിക് പരിശോധന നടത്തണമെന്ന ആവശ്യമാണ് കളക്ടർ ഉന്നയിക്കുക. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങൾ സമർപ്പിക്കാനും കമ്മീഷൻ ചാനലിനോട് ആവശ്യപ്പെട്ടേക്കും. കണ്ണൂർ റേഞ്ച് ഐജി അജിത് കുമാറിനാണ് കേസിൻ്റെ അന്വേഷണ ചുമതല.
അതേ സമയം, രാഘവനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തു വരട്ടെയെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. രാഘവനെതിരായ ആരോപണത്തെ പ്രതിരോധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ആരോപണം വെറും കെട്ടുകഥയാണെന്നും തെരഞ്ഞെടുപ്പിൽ ഇതൊന്നും ചിലവാകില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിലെ മുതിർന്ന മാന്യതയുള്ള നേതാക്കൾ ഈ നിലവാരം കുറഞ്ഞ രാഷ്ട്രീയ പ്രവർത്തനത്തിന് തയ്യാറാകില്ലന്ന് കോഴിക്കോട് തലയാടുള്ള തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ എം.കെ രാഘവനും പ്രതികരിച്ചു.
എംകെ രാഘവൻ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചെന്നാരോപിച്ച് എൽഡിഎഫ‌് കോഴിക്കോട‌് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി ഇലക്ഷന് കമ്മീഷനും ഇതിനോടകം പരാതി നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here