തൃശൂരില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ പത്രിക തള്ളി; സ്വീകരിച്ചത് 9 നാമനിര്‍ദ്ദേശ പത്രികകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂര്‍ മണ്ഡലത്തിലെ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളുടെയും രണ്ട് ഡമ്മി സ്ഥാനാര്‍ഥികളുടെയും പത്രികകള്‍ തള്ളി. ശേഷിച്ച ഒമ്പത് സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചു. പൊതുനിരീക്ഷകന്‍ പി കെ. സേനാപതിയുടെ സാന്നിധ്യത്തില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി. അനുപമയാണ് സൂക്ഷ്മപരിശോധന നടത്തിയത്.
സ്വതന്ത്ര സ്ഥാനാര്‍ഥികളായ ജോര്‍ജ് മങ്കിടിയന്‍, ഹംസ എ പി. എന്നിവരുടെ പത്രികകളാണ് തള്ളിയത്. നാമനിര്‍ദ്ദേശകരുടെ വിവരം കൃത്യമല്ലാത്തതിനാലാണ് ജോര്‍ജ് മങ്കിടിയന്റെ പത്രിക തള്ളിയത്. വോട്ടര്‍ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കാത്തതിനാലാണ് ഹംസ എ പിയുടെ പത്രിക തള്ളിയത്. സിപിഐയുടെ ഡമ്മി സ്ഥാനാര്‍ത്ഥി രമേഷ്‌കുമാര്‍, ബിജെപിയുടെ ഡമ്മി സ്ഥാനാര്‍ത്ഥി എ പരമേശ്വരന്‍ എന്നിവരുടെ പത്രികകളാണ് അവരുടെ യഥാര്‍ഥ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ സ്വീകരിച്ചതിനാല്‍ തള്ളിയത്.
ടി.എന്‍. പ്രതാപന്‍ (കോണ്‍ഗ്രസ്), രാജാജി മാത്യു തോമസ് (സിപിഐ.), സുരേഷ്‌ഗോപി (ബിജെപി.), നിഖില്‍ ടിസി (ബിഎസ്പി.), എന്‍ ഡി വേണു (സിപിഐഎംഎല്‍ റെഡ് സ്റ്റാര്‍), സ്വതന്ത്രരായ സോനു, പ്രവീണ്‍ കെ പി., ചന്ദ്രന്‍ പി എ, സുവിത് എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ ഏപ്രില്‍ എട്ടോടെ സ്ഥാനാര്‍ഥി പട്ടിക അന്തിമമാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here