ബ്രാവോയ്ക്ക് പരിക്ക്; ചെന്നൈക്ക് കനത്ത തിരിച്ചടി

ചെന്നൈ സൂപ്പർ കിംഗ്സിനു കനത്ത തിരിച്ചടിയായി ഓൾറൗണ്ടർ ഡ്വെയിൻ ബ്രാവോയുടെ പരിക്ക്. താരത്തിനു ഗ്രേഡ് 1 ഹാംസ്ട്രിംഗ് ടിയര്‍ ആണെന്നും രണ്ടാഴ്ചയോളം കളത്തിനു പുറത്തിരിക്കേണ്ടതായിട്ടുണ്ടെന്നുമാണ് ലഭിയ്ക്കുന്ന വിവരം. ഇന്ന് കിംഗ്സ് ഇലവൻ പഞ്ചാബുമായി നടക്കേണ്ട മത്സരത്തിനു മുൻപ് ടീം ബാറ്റിംഗ് കോച്ച് മൈക്കൽ ഹസിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ പരിക്ക് ടീമിന്റെ ഘടനയെ തന്നെ ബാധിക്കുമെന്നും എന്നാല്‍ ടീമെന്ന നിലയില്‍ ഇതിനെ നേരിടാന്‍ ചെന്നൈയ്ക്ക് ആകുമെന്നാണ് മൈക്കല്‍ ഹസ്സി വ്യക്തമാക്കിയത്. ടീമിനു ഇത് വലിയ തിരിച്ചടിയാണ് ഇത് എന്നാല്‍ മുമ്പും ഇത്തരത്തില്‍ ടീം തിരിച്ചടികള്‍ നേരിടുകയും അതിനെ അതിജീവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഹസ്സി വ്യക്തമാക്കി.
എന്നാൽ ഡെത്ത് ഓവറുകളിൽ ധോണി തുടർച്ചയായി ആശ്രയിക്കുന്ന ബ്രാവോ ഇല്ലാത്തത് ടീമിനു തിരിച്ചടി ആകുമെന്നതിൽ സംശയമില്ല. പന്തിൻ്റെ ലൈനും ലെംഗ്തും വേഗതയും ബുദ്ധിപരമായി ഇടകലർത്തി അവസാന ഓവറുകളിൽ പന്തെറിയുന്ന ബ്രാവോ സ്ലോഗ് ഓവറുകളിൽ തകർത്തടിക്കാൻ കഴിവുള്ള താരം കൂടിയാണ്. ബ്രാവോയ്ക്കു പകരം ആരെ ടീമിലെത്തിക്കുമെന്നതും ടീം മാനേജ്മെൻ്റിനെ കുഴയ്ക്കും. കഴിഞ്ഞ മുംബൈക്കെതിരായി നടന്ന കഴിഞ്ഞ മത്സരത്തിൽ ഇക്കൊല്ലത്തെ ആദ്യ തോൽവി വഴങ്ങിയ ചെന്നൈ വിജയവഴിയിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. അതിനിടെയുണ്ടായ ഈ പരിക്ക് ചെന്നൈയെ വലയ്ക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here