“ബെന്നി വന്നാലേ ഒരു രസമുള്ളൂ”; ബെന്നി ബെഹനാൻ തിരികെ വരുമെന്ന് ഇന്നസെന്റ്

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർഥി ബെന്നി ബെഹനാൻ തിരികെ വരുമെന്ന് അദ്ദേഹത്തെ കാണാൻ ആശുപത്രിയിലെത്തിയ എൽഡിഎഫ് സ്ഥാനാർഥി ഇന്നസെൻ്റ്. ബെന്നിയുടെ ഭാര്യ ഷേർലിയോട് സംസാരിക്കവേ ആയിരുന്നു ഇന്നസെൻ്റിൻ്റെ വാക്കുകൾ.
‘ഒന്നും പേടിക്കാനില്ല, ബെന്നി ഉടൻ പുറത്തിറങ്ങും, ബെന്നി വന്നാലേ ഒരു രസമുള്ളൂ’’– ഇങ്ങനെയാണ് ഷേർലിയെ ആശ്വസിപ്പിക്കുന്നതിനിടെ ഇന്നസെൻ്റ് പറഞ്ഞത്. ഇന്നലെ ഉച്ചക്കാണ് ബെന്നിയെ കാണാൻ ഇന്നസെൻ്റ് ആശുപത്രിയിലെത്തിയത്.
പുറത്തുണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകരോടു വിവരങ്ങൾ അന്വേഷിച്ച ശേഷമാണ് ഏഴാം നിലയിലെ മുറിയിലെത്തി ഷേർലിയെ കണ്ടത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഇന്നസന്റ് തന്റെ രോഗത്തിന്റെ കാര്യങ്ങൾ വിശദീകരിച്ചാണ് ബെന്നിയുടെ ഭാര്യയെ ആശ്വസിപ്പിച്ചത്. മുൻ മന്ത്രി കെ.ബാബു ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ മുറിയിലുണ്ടായിരുന്നു. തൽക്കാലം ബെന്നി വിശ്രമിക്കട്ടെയെന്നും അധികം സംസാരിപ്പിക്കരുതെന്നും ഉപദേശിച്ചാണ് ഇന്നസന്റ് മടങ്ങിയത്. മനുഷ്യത്വത്തിനു മുമ്പിൽ മൽസരം വഴിമാറുമെന്ന് ആശുപത്രിയിൽ നിന്നു മടങ്ങും വഴി ഇന്നസന്റ് പറഞ്ഞു.
കടുത്ത നെഞ്ചു വേദനയെത്തുടർന്ന് ഇന്നലെ പുലർച്ചെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബെന്നി ബെഹന്നാൻ ആൻജിയോ പ്ലാസ്റ്റിക്ക് ശേഷം അപകടനില തരണം ചെയ്തെങ്കിലും 48 മണിക്കൂർ ഒബ്സർവ്വേഷനിൽ തുടരാനാണ് ഡോക്ടറുടെ നിർദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here