തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ മരണം; മരണകാരണം തലയ്‌ക്കേറ്റ പരിക്ക്; ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകൾ; പോസ്റ്റുമാർട്ടം പ്രാഥമിക റിപ്പോർട്ട് പുറത്ത്

തൊടുപുഴയിലെ ഏഴു വയസ്സുകാരന്റെ മരണം തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. തലയോട്ടിക്ക് മുന്നിലും പിന്നിലും, ഇരുഭാഗങ്ങളിലും ക്ഷതമേറ്റെന്നാണ് കണ്ടെത്തൽ. കുട്ടിയുടെ വാരിയെല്ലിനും പൊട്ടലേറ്റിരുന്നു. വീഴ്ചയിൽ സംഭവിക്കാവുന്നതിനേക്കാൾ ഗുരുതരമായ പരിക്കുകൾ തലയ്ക്കേറ്റിരുന്നതായാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായത്.
വൈകിട്ട് നാലരയോടെയാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അഞ്ചു മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം നടപടികൾ ആറരയ്ക്ക് പൂർത്തിയായി. കുട്ടിയുടെ തലയോട്ടിയിൽ പിൻഭാഗത്തായി പൊട്ടലേറ്റിരുന്നു. തലയുടെ മുൻഭാഗത്തും പിൻഭാഗത്തും, ഇരുവശങ്ങളിലും ക്ഷതമേറ്റിട്ടുണ്ട്. തലയ്ക്കേറ്റ പരിക്കുകളാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിലെ നിഗമനം. വീഴ്ചയിൽ സംഭവിച്ചേക്കാവുന്ന പരിക്കുകളേക്കാൾ ഗുരുതരമാണ് തലയ്ക്കേറ്റ ക്ഷതം. ശരീരത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി. ഏഴു വയസുള്ള കുട്ടിയുടെ വാരിയെല്ലിനും പൊട്ടലേറ്റിരുന്നു. പ്രാഥമികവിവരങ്ങൾ ഫോറൻസിക് മേധാവി പോലീസിന് കൈമാറി. ഏഴുമണിയോടെ നടപടികൾ പൂർത്തിയാക്കി മൃതദേഹം തൊടുപുഴയിലേക്ക് കൊണ്ടുപോയി.
ഇന്ന് 11.45 ഓടെയാണ് കുട്ടി മരിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ ആരോഗ്യനില ഇന്നലെ വഷളായിരുന്നു. കുടലിന്റേയും മറ്റും പ്രവർത്തനം ഇന്നലെ മോശമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. 11.30 ഓടെ കുട്ടിയുടെ ഹൃദയമിടിപ്പ് നിലച്ചു. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്നും ഡോക്ടർ വ്യക്തമാക്കി. അതേസമയം, കുട്ടിയെ ക്രൂരമായി മർദ്ദിച്ച പ്രതി അരുൺ ആനന്ദ് റിമാൻഡിലാണ്.
Read Also : ഒടുവില്‍ മരണത്തിന് കീഴടങ്ങി; തൊടുപുഴയില്‍ ക്രൂരമര്‍ദ്ദനത്തിനിരായ ഏഴുവയസുകാരന്‍ മരിച്ചു
മാർച്ച് 28 നാണ് ഏഴ് വയസുകാരന് ക്രൂര മർദ്ദനമേൽക്കുന്നതും കോലഞ്ചേരി മെഡിക്കൽ കോളെജിൽ എത്തിക്കുന്നതും. മർദ്ദനത്തിൽ കുട്ടിയുടെ തലച്ചോറ് പുറത്തുവന്നിരുന്നു. തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും ഡോക്ടർമാർ പിന്നീട് നിഷേധിച്ചിരുന്നു. കുട്ടിയുടെ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.
Read Also : തൊടുപുഴയിലെ കുട്ടിയെ പ്രതി ലൈംഗീകമായി പീഡിപ്പിച്ചു; പ്രതിക്കെതിരെ പോക്‌സോ ചുമത്തി
സംഭവത്തിൽ പ്രതി അരുൺ ആന്ദ് കുറ്റം സമ്മതിച്ചിരുന്നു. കുട്ടിയേയും ഇളയ സഹോദനേയും അരുൺ ആനന്ദ് ലൈംഗീകമായി പീഡിപ്പിച്ചതായും ഇയാൾ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. ഇയാൾക്കെതിരെ പോക്സോ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here